കൊച്ചി: എറണാകുളം സ്വദേശിയായ പിതാവിനൊപ്പം കാണാതായ മൂന്നര വയസുകാരനെ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പാലക്കാടുനിന്ന് കണ്ടെത്തി ഹൈക്കോടതിയിൽ ഹാജരാക്കി. രക്ഷിതാക്കൾ വേർപെട്ട് താമസിക്കുന്നത് കണക്കിലെടുത്ത് കുഞ്ഞിന്റെ സംരക്ഷണച്ചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുന്നത് പരിഗണിക്കുന്നതിനായി മാതാവിന്റെയും പിതാവിന്റെയും ജീവിതപശ്ചാത്തലം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.
കുഞ്ഞിന്റെ മാതാവായ യുവതി ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ എറണാകുളം നോർത്ത് പൊലീസാണ് കുട്ടിയേയും പിതാവിനെയും വടക്കഞ്ചേരിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ചേരാനല്ലൂർ സ്വദേശിയായ ഇയാൾ നിലവിൽ നോർത്ത് സ്റ്റേഷൻ പരിധിയിൽപ്പെട്ട കതൃക്കടവ് ഭാഗത്ത് വാടകവീട്ടിലാണ് താമസം. ന്യൂമാഹി സ്വദേശിയായ യുവതിയും ഇയാളും നിയമാനുസൃതം വിവാഹിതരായവരല്ല. കുടുംബകോടതിയുടെ ഉത്തരവ് പ്രകാരം കുട്ടി മാഹിയിൽ അമ്മയ്ക്കൊപ്പമാണ് താമസം. പിതാവിന് കുഞ്ഞിനെ കാണാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച പിതാവ് മാഹിയലെ വീട്ടിൽ മകനെ കാണാനെത്തിയപ്പോൾ യുവതി എറണാകുളത്തെ പള്ളിയിലായിരുന്നു. കുഞ്ഞിന് മതിയായ സംരക്ഷണം കിട്ടുന്നില്ലെന്ന തോന്നലിലാണ് മറ്റാരെയും അറിയിക്കാതെ മൂന്നര വയസുകാരനെയും കൂട്ടി ഇയാൾ പോയത്. മകനെ കാണാതായതിനെ തുടർന്ന് യുവതി അടുത്തദിവസംതന്നെ ഹൈക്കോടതിയെ സമീപിച്ചു. തുടക്കത്തിൽ ചേരാനല്ലൂർ പൊലീസാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷിച്ചതെങ്കിലും കുട്ടിയുടെ പിതാവ് എറണാകുളം നോർത്തിലാണ് താമസമെന്ന് കണ്ടതിനെ തുടർന്ന് അന്വേഷണം കൈമാറി.
നോർത്ത് പ്രിൻസിപ്പൽ എസ്.ഐ എയിൻ ബാബു, എസ്.ഐ ഹരികൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥരായ അഖിലേഷ്, റിനു, വിബിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി പട്ടണത്തിൽനിന്ന് ഇരുവരെയും കണ്ടുകിട്ടുന്നത്. ഇയാളുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തും മൊബൈൽഫോൺ നമ്പർ പിന്തുടർന്നും ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് തുമ്പായത്. പിതാവും മാതാവും വേർപിരിഞ്ഞ് താമസിക്കുന്ന സാഹചര്യത്തിൽ ഇരുവരുടെയും സാമ്പത്തിക, സാമൂഹ്യപശ്ചാത്തലം പരിശോധിക്കാൻ കോടതി തീരുമാനിച്ചു. ഇതുസംബന്ധിച്ച പൊലീസ് റിപ്പോർട്ട് 14ന് പരിഗണിക്കും. അതുവരേയും കുട്ടിയുടെ സംരക്ഷണച്ചുമതല അമ്മയിൽ തുടരും.