കൊച്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നടന്ന ഇന്റർ എൻ.ഐ.ടി ഫുട്ബാൾ ചാമ്പ്യൻഷിപ്പ് പുരുഷ-വനിതാ വിഭാഗത്തിൽ കാലിക്കറ്റ് എൻ.ഐ.ടി ചാമ്പ്യന്മാരായി. പുരുഷവിഭാഗം ഫൈനലിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ എൻ.ഐ.ടി റായ്പൂരിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സൂര്യനാരായണൻ മനു ക്യാപ്ടനും രജത് ആർ. പ്രഭു വൈസ് ക്യാപ്ടനുമായ ടീം ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചു.
ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർമാരായി കാലിക്കറ്റ് എൻ.ഐ.ടിയിലെ ജാസിലും ക്രിസ്റ്റീന ബെവിനും തിരഞ്ഞെടുക്കപ്പെട്ടു.
പുരുഷവിഭാഗത്തിലെ ആദ്യ മത്സരത്തിൽ എൻ.ഐ.ടി ആന്ധ്രയെ ഏകപക്ഷീയമായ 10 ഗോളുകൾക്കാണ് തോൽപിച്ചത്. തുടർന്ന് എൻ.ഐ.ടി സൂററ്റിനെയും (3-0), ക്വാർട്ടർ ഫൈനലിൽ എൻ.ഐ.ടി ഉത്തരാഖണ്ഡിനെയും, (9-0), സെമി ഫൈനലിൽ എൻ.ഐ.ടി മിസോറമിനെയും (3-1) പരാജയപ്പെടുത്തി. എട്ടുവർഷത്തിനു ശേഷമാണ് കാലിക്കറ്റ് ടീം കിരീടം വീണ്ടെടുത്തത്. നവാസ് റഹ്മാനാണ് കോച്ച്.
ജി. ബ്രിന്ദ ക്യാപ്ടനും എസ്.എം. കൃഷ്‌ണേന്ദു വൈസ് ക്യാപ്ടനുമായ വനിതാ ടീം എൻ.ഐ.ടി റൂർകലയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യമത്സരത്തിൽ എൻ.ഐ.ടി ജംഷഡ്പൂരിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയ ടീം ക്വാർട്ടറിലും സെമിയിലും പെനാൽറ്റിയിലൂടെയാണ് വിജയിച്ചത്. രണ്ടുവർഷം മുമ്പാണ് വനിതാടീം തുടങ്ങിയത്. സി.ആർ. സുധീപാണ് കോച്ച്.