കൊച്ചി: സംസ്ഥാനത്തിന്റെ വികസന പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'വിഷൻ 2031' സെമിനാർ പരമ്പരയിൽ ധനകാര്യവകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. 'ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും' എന്ന സെമിനാർ രാവിലെ 10ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് നടക്കുക. 33 മേഖലകളിലായാണ് 'വിഷൻ 2031' എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നത്.
രാവിലെ 10ന് സെമിനാറിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. 'കേരളം@2031: ഒരു പുതിയ ദർശനം' എന്ന അവതരണവും അദ്ദേഹം നടത്തും. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ധനകാര്യ റിസോഴ്സ് സെക്രട്ടറി അജിത് പാട്ടീൽ, എകസ്പെൻഡിച്ചർ സെക്രട്ടറി കേശവേന്ദ്രകുമാർ എന്നിവർ സംസാരിക്കും.
11.45ന് മൂന്ന് സെഷനുകൾ നടക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചാ മാതൃകകൾ, പുത്തൻ സാദ്ധ്യതകൾ' എന്ന വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അദ്ധ്യക്ഷനാകും.
'കയറ്റുമതിയും തുറമുഖ അധിഷ്ഠിത വികസനവും' എന്ന സെഷനിൽ കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർമാൻ ബി .കാശിനാഥൻ അദ്ധ്യക്ഷനാകും. ധനകാര്യ ഫെഡറലിസവും ജി.എസ്.ടി സംവിധാനവും' എന്ന സെഷനിൽ ജി.എസ്.ടി കമ്മിഷണർ അജിത് പാട്ടീൽ അദ്ധ്യക്ഷനാകും.
വൈകിട്ട് 3.30ന് സമാപന സമ്മേളനം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ ഉപസംഹാരം നടത്തും. ധനകാര്യ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സച്ചിൻ യാദവ് നന്ദി പറയും.