കൊച്ചി: അതിരൂപതയിൽ ഏകീകൃത കുർബാന അട്ടിമറിച്ച വൈദികരെ സംരക്ഷിക്കുന്ന മേജർ ആർച്ച് ബിഷപ്പും മെത്രാപ്പൊലീത്തൻ വികാരിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ എറണാകുളം ബിഷപ്പ്ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ചീഫ് കോ ഓർഡിനേറ്റർ മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു.
ജോസഫ് പി. എബ്രഹാം, ടെൻസൺ പുളിക്കൽ, ബാബു തോട്ടുപുറം, സെബാസ്റ്റ്യൻ വടാശേരി, ബാബു കുണ്ടാരമത്ത്, ജൂലി അലക്‌സ്, സീലിയ ആന്റണി എന്നിവർ സംസാരിച്ചു.
ബെസലിക്ക പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തിനും ധർണയ്ക്കും ക്യാപ്ടൻ ടോം ജോസഫ്, വിത്സൻ വടക്കുഞ്ചേരി, കുര്യാക്കോസ് പഴയമഠം, ജോസഫ് അമ്പലത്തിങ്കൽ, ടെത്സൻ വെട്ടിക്കാപ്പിള്ളി നേതൃത്വം നൽകി. വ്യവസ്ഥകളില്ലാതെ ഏകീകൃത കുർബാന നടപ്പാക്കുക, 62 വൈദികർക്കെതിരെ ആരംഭിച്ച നടപടികൾ തുടരുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കുന്നതുവരെ സമരപരിപാടികൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.