cocoon

കൊച്ചി: ഭരണ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൈബർ ആക്രമണങ്ങളെ നേരിടാൻ സർക്കാരുകളും വേണ്ടത്ര തയ്യാറെടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരു സുരക്ഷിത ഡിജിറ്റൽ ലോകം യാഥാർത്ഥ്യമാക്കാൻ ഒരുമിച്ചു പ്രവർത്തിക്കണം. സാമ്പത്തിക സ്ഥിരത, പൗരന്മാരുടെ സുരക്ഷ, സംസ്ഥാന പരമാധികാരം എന്നിവയ്ക്ക് സൈബർ ഇടം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുന്നതിന് മുമ്പുള്ള സുരക്ഷാ നടപടികളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് സംഘടിപ്പിച്ച സൈബർ സുരക്ഷാ കോൺഫറൻസ് കൊക്കൂൺ 2025 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സൈബർ സുരക്ഷാ രംഗത്ത് കേരളത്തെ ആഗോള ഹബ്ബാക്കി മാറ്റുമെന്നും മനുഷ്യന്റെ അറിവിനെ നിർമിത ബുദ്ധിയുമായി സമന്വയിപ്പിച്ച് സുരക്ഷിതമായ ഡിജിറ്റൽ ഭാവി കെട്ടിപ്പടുക്കുമെന്നും അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. സൈബർ സുരക്ഷ ഇനി പൊലീസിന്റെ പ്രശ്‌നം മാത്രമല്ല, വ്യവസായത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും അനിവാര്യതയാണ്. നിർമിതബുദ്ധി, റോബോട്ടിക്‌സ് എന്നിവയ്ക്കായുള്ള ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിച്ചതും സൈബർ ഡോം മാതൃകയും കേരളത്തിന്റെ പുരോഗതിക്ക് തെളിവാണ്. ഡീപ്ഫേക്കുകൾ പോലുള്ള പുതിയ വെല്ലുവിളികളെ നേരിടുന്നതിനും യുവ സൈബർ പ്രതിഭകളെ വളർത്തുന്നതിനും കേരള പൊലീസ് സജീവമായി ഇടപെടുന്നതായും മന്ത്രി പറഞ്ഞു.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാനമായ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കൊച്ചി മേയർ എം. അനിൽകുമാർ, ഡി.ജി.പി റവാഡ എ. ചന്ദ്രശേഖർ, വിജിലൻസ് മേധാവി മനോജ് എബ്രഹാം, എ.ഡി.ജി.പി എസ്. ശ്രീജിത്ത് തുടങ്ങിയവരും പങ്കെടുത്തു.