നെടുമ്പാശേരി: ഡോക്ടറെ കാണുവാൻ ആശുപത്രിയിലേക്കു പോയശേഷം കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. പാറക്കടവ് പുളിയനംകുന്നിൽ കുഴുപ്പിള്ളിവീട്ടിൽ പരേതനായ കുറുമ്പന്റെ ഭാര്യ കുറമ്പയുടെ (89) മൃതദേഹമാണ് ചാലക്കുടിപ്പുഴയുടെ കൈവഴിയായ പുവ്വത്തുശേരി പാലിപ്പുഴ കടവിൽനിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. മൂത്തമകൻ പരേതനായ വേലായുധന്റെ വീട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പോയത്. വൈകുന്നേരമായിട്ടും തിരിച്ച് വരാതെയായതോടെ വീട്ടുകാർ അങ്കമാലി പൊലീസിൽ പരാതി നൽകി. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ മുങ്ങൽ വിദഗ്ദ്ധർ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മറ്റ് മക്കൾ: പരേതനായ രവി, അമ്മിണി, ലീല. മരുമക്കൾ: ഓമന, വത്സ, മോഹനൻ, വാസു. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.