മരട്: കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാരിയെ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്ന മുഖംമൂടി സംഘം കേരളം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മുഖം മറച്ചെത്തിയ സംഘത്തിൽപ്പെട്ട രാഹുലിനെ കഴിഞ്ഞദിവസം അറസ്റ്റിലായ തൃശൂർ സ്വദേശി ട്രെയിനിൽ കയറ്റിവിട്ടതായിട്ടാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കവർച്ചയുടെ ആസൂത്രകരിൽ ഒരാളായ ജോജിയും ഇവർക്കൊപ്പം കേരളം വിട്ടെന്നാണ് സൂചന. ഇയാളാണ് മുഖംമൂടി സംഘത്തെ ഏർപ്പാടാക്കിയത്.
നടമ സ്വദേശിയാണെന്ന് കരുതിയിരുന്ന ജോജിയുടെ ജന്മനാട് പിറവമാണെന്നും നിലവിൽ ആലുവ ആലങ്ങാടാണ് താമസമെന്നും അന്വേഷണത്തിൽ വ്യക്തമായി. കണക്കിൽപ്പെടാത്ത പണം കൈവശം വയ്ക്കുന്നവരെ ഭീഷണിപ്പെടുത്തി വലിയ തുക തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതി.
പ്രധാന പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ വലയിലാകുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 11 പ്രതികളിൽ സ്ത്രീയുൾപ്പെടെ ഏഴു പേരാണ് ഇതുവരെ അറസ്റ്റിലായത്. കവർച്ചയുടെ സൂത്രധാരൻ എറണാകുളം കലൂർ സ്വദേശിയും അഭിഭാഷകനുമായ നിഖിൽ നരേന്ദ്രനാണെന്നാണ് നിലവിലത്തെ സൂചന. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസ് നിലവിലുണ്ട്. സംഭവത്തിന് അടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്കും വടിവാളും കാട്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം തട്ടിയെടുത്തത്. മാരകായുധങ്ങൾ കണ്ടെത്തിയിട്ടില്ല.