പറവൂർ: കോട്ടയം ജി.വി. രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയും ഫുട്ബാൾ പ്രതിഭയുമായ ഞാറയ്ക്കൽ മഞ്ഞനക്കാട് മാരാത്തറ സാജുവിന്റെ മകൻ ആദിത്യനെ (14) മർദ്ദിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് പട്ടികജാതി- വർഗ സംയുക്ത വേദിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് മുനമ്പം ഡിവൈഎസ്.പി ഓഫീസ് മാർച്ച് നടത്തും. പുല്ലംകുളം അംബേദ്കർ പാർക്കിൽ നിന്ന് പ്രകടനം തുടങ്ങും. കഴിഞ്ഞ ജൂൺ 27നാണ് എട്ടംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി ആദിത്യനെ ക്രൂരമായി മർദ്ദിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടും പട്ടികജാതി പീഡന നിരോധനനിയമവും ചുമത്താതെ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി. ഇതിനെതിരെ ജൂലായിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ആഗസ്റ്റ് 18ന് മുനമ്പം ഡിവൈ.എസ്.പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച് ഉത്തരവിറങ്ങി. എന്നാൽ,​ ഇതുവരെ തുടരന്വേഷണം ഉണ്ടായിട്ടില്ലെന്ന് പട്ടികജാതി- വർഗ സംയുക്ത വേദി ഭാരവാഹികൾ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്യും. വിവിധ സാമുദായിക, സാംസ്കാരിക പ്രവർത്തകർ സംസാരിക്കും.