തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലും ഉദയംപേരൂരിലും മുളന്തുരുത്തിയിലും ആമ്പല്ലൂരിലും ചോറ്റാനിക്കരയിലും എടക്കാട്ടുവയൽ പഞ്ചായത്തിലും തെരുവുനായ ശല്യം അതിരൂക്ഷം. മുളന്തുരുത്തി പഞ്ചായത്തിലെ സ്‌കൂളിൽ നായക്കൂട്ടത്തിന്റെ ആക്രമണവും പത്താം ക്ലാസ് വിദ്യാർത്ഥിയെ നായ ആക്രമിച്ചതും ഏറെ ആശങ്കയോടെയാണ് നാട്ടുകാർ കേട്ടത്. കഴിഞ്ഞ ദിവസം കാഞ്ഞിരമറ്റത്തെ മില്ലുങ്കൽ ജംഗ്ഷനിലും ജുമാ മസ്ജിദിന്റെ ഭാഗത്തും വഴിയാത്രക്കാരെ തെരുവുനായ ആക്രമിച്ചതാണ് അവസാന സംഭവം.
നായ ശല്യത്തിനെതിരെ പരിഹാരം കണ്ടെത്തുവാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നത് പ്രതിഷേധം ശക്തമാക്കുന്നു. പല പഞ്ചായത്തുകളിലും പദ്ധതികൾ പലതും നടപ്പിലാക്കുന്നുണ്ടെങ്കിലും ഒന്നിനും കൃത്യമായ ആസൂത്രണമില്ലാതായതോടെ പാതിയിലേ പാളി. ഇതോടെ വന്ധ്യംകരണ പ്രക്രിയയും നടപ്പായില്ല.
ആക്രമണകാരിയായ പേപ്പട്ടികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളെക്കുറിച്ച് ആരും ആലോചിക്കുന്നില്ലെന്നും എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

നിയമപരമായ അവ്യക്തത തുടരുന്നു
തെരുവുനായ്ക്കളെ കൊല്ലുന്നത് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വിലക്കിയിട്ടുണ്ടെന്ന് പരക്കെ തെറ്റിദ്ധാരണ പടർത്തിക്കൊണ്ടുള്ള പ്രചാരണവും ശക്തമാണ്. എന്നാൽ മനുഷ്യജീവന്റെ സുരക്ഷയ്ക്കായി നായ ഉൾപ്പെടെയുള്ള ജീവികളെ കൊല്ലാം എന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടുള്ളത് അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു. ഗോവയിൽ നായ്ക്കളെ കൊല്ലാൻ പാടില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് കേരളത്തിന് ബാധകമല്ലെന്നും അഭിഭാഷകർ പറയുന്നു.
മാലിന്യ സംസ്‌കരണ യൂണിറ്റുകളോ തെരുവുനായ വന്ധ്യംകരണ സംവിധാനങ്ങളോ പല തദ്ദേശ സ്ഥാപനങ്ങൾക്കുമില്ല. തെരുവുനായ വന്ധ്യംകരണത്തിന് ഒരു പ്രത്യേക വിഭാഗം തന്നെ മൃഗസംരക്ഷണ വകുപ്പ് രൂപപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നായകളുടെ ജനനനിയന്ത്രണത്തിനുള്ള എ.ബി.സി. സംവിധാനം കാര്യക്ഷമമല്ല എന്നുള്ളതിന്റെ തെളിവാണ് നിരത്തിൽ അലഞ്ഞുനടക്കുന്ന നായ്ക്കുട്ടികളുടെ ക്രമാതീതമായ വർദ്ധന. എ.ബി.സി. സംവിധാനം നടപ്പാക്കാൻ നഗരസഭ ജാഗ്രതയോടെ പ്രവർത്തിക്കണം
ട്രൂറ വനിത വേദി
ദക്ഷിണ മേഖല