കൊച്ചി: രക്താതിസമ്മർദ്ദം, അമിതവണ്ണം, പക്ഷാഘാതം എന്നിവയുടെ പ്രതിരോധം കേന്ദ്രീകരിച്ച് കാർഡിയോവാസ്‌കുലാർ റിസർച്ച് സൊസൈറ്റിയുടെ (സി.വി.ആർ.എസ്) ദ്വിദിന സമ്മേളനം കൊച്ചിയിൽ സമാപിച്ചു. മന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
അക്കാഡമിക് ഗവേഷണത്തെ പൊതുജനാരോഗ്യ ചികിത്സാ സംവിധാനവുമായി ബന്ധിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് എന്ന് സി.വി.ആർ.എസ് പ്രസിഡന്റ് ഡോ.പി.പി. മോഹനൻ പറഞ്ഞു.
അമിത രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ കുറയ്ക്കാനുള്ള വിവിധ നടപടികൾ ഓർഗനൈസിംഗ് ചെയർമാനും സി.വി.ആർ.എസ് സെക്രട്ടറിയുമായ ഡോ. എ.ജാബിർ വിശദീകരിച്ചു.
ഇന്ന് രോഗികളുടെ ശരാശരി സിസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ രണ്ട് എം.എം മെർക്കുറി കുറവ് വന്നാൽ പോലും പ്രതിവർഷം ആയിരക്കണക്കിന് ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. സി.പി. കരുണദാസ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അനിൽ ബാലചന്ദ്രൻ, ഡോ. പ്രസന്നകുമാർ (എ.പി.ഐ, കൊച്ചി) എന്നിവർ സംസാരിച്ചു.രാജ്യത്തെ
വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 100ലധികം കാർഡിയോളജിസ്റ്റുകളും 1000 ഫിസിഷ്യൻമാരും സമ്മേളനത്തിൽ പങ്കെടുത്തു.
കുട്ടികളിൽ അമിതവണ്ണം വർദ്ധിക്കുന്നു
കേരളത്തിൽ നഗരങ്ങളിലും പട്ടണങ്ങളിലുമായി കുട്ടികളിൽ അമിതവണ്ണം വർദ്ധിച്ചുവരികയാണ്. ഉദാസീനമായ ജീവിതശൈലി, ജങ്ക് ഫുഡ്, ഡിജിറ്റൽ ആസക്തി എന്നിവയാണ് ഹൃദയാരോഗ്യത്തിനെതിരെ ഉയർന്നുവരുന്ന ഭീഷണികൾ. മുതിർന്നവരിൽ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ വ്യാപനം ഏകദേശം 25–30ശതമാനമാണെന്നും സമ്മേളനം വിലയിരുത്തി.