kl

കൊച്ചി: കേരളം കണ്ട ഏ​റ്റവും വലിയ വർഗീയവാദി പിണറായി വിജയനെന്ന് സാബു എം. ജേക്കബ്. അല്ലപ്ര മട്ടമ്മൽ ഓഡി​റ്റോറിയത്തിൽ സംഘടിപ്പിച്ച ട്വന്റി 20 വെങ്ങോല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ന്യൂനപക്ഷ പ്രീണനം നടത്തിയ പിണറായി അതിന്റെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചു. ഇത്തവണ ഭൂരിപക്ഷ പ്രീണനം നടത്താൻ ആഗോള അയ്യപ്പസംഗമം നടത്തി.

സ്വർണക്കടത്തിന്റെയും മാസപ്പടിയുടെയും ഹവാലയുടെയും പേരിൽ പിണറായി വിജയനും കുടുംബാഗങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലാണ്. ഇത് ഒതുക്കിത്തീർക്കാൻ ബി.ജെ.പി നേതാക്കളുടെ പിറകെ നടക്കുകയാണ് പിണറായിയും മരുമകനും. ഇവരാണ് ട്വന്റി 20 പാർട്ടിയെ വർണകടലാസിൽ പൊതിഞ്ഞ വിഷമായി ചിത്രീകരിക്കുന്നത്. സി.പി.എം ഉദ്ദേശിക്കുന്ന വർണകടലാസ് സ്വർണത്തിന്റെതായിരിക്കും. കേരളത്തിൽ ഏ​റ്റവും കൂടുതൽ സ്വർണശേഖരം കൈവശമുള്ള പാർട്ടിയാണ് സി.പി.എം എന്നും സാബു ജേക്കബ് പറഞ്ഞു.

വെങ്ങോല പഞ്ചായത്തിലെ 22 വാർഡിലും ട്വന്റി20 മത്സരിക്കും. ട്വന്റി 20 ജില്ലാ പഞ്ചായത്ത് അംഗം പി.എം. നാസർ, ബോർഡ് മെമ്പർ വി.എസ്. കുഞ്ഞുമുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ചാർളി പോൾ, പെരുമ്പാവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.വി. വിജയകുമാർ, വെങ്ങോല പഞ്ചായത്ത് കൺവീനർ സുരേഷ് പോൾ തുടങ്ങിയവർ സംസാരിച്ചു.