photo

വൈപ്പിൻ: തീരദേശ പാലന നിയമത്തിലെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് വികസന നിരോധന മേഖലയിൽ തദ്ദേശവാസികൾക്ക് വീട് നിർമ്മാണത്തിന് അനുമതി നൽകാമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾ ഈ വർഷം ജൂലായ് 14 ന് മാത്രമാണ് ലഭിച്ചതെന്ന് എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള കേരളകൗമുദി വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. അതേസമയം,​ പഞ്ചായത്ത് പ്രസിഡന്റിന്റേത് നിരുത്തരവാദിത്തപരമായ നിലപാടായെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡന്റിന് പറയാനുള്ളത്

ജൂലായ് 14ലെ ഉത്തരവിൽ വ്യക്തത വേണമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, രണ്ട് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ തിരുവനന്തപുരത്തെ കേരള തീരദേശ മേഖല മാനേജ്‌മെന്റ് ഓഫീസിൽ പോയി ചർച്ചകൾ നടത്തി. വീട് നിർമ്മാണത്തിന് അനുമതി നൽകണമെങ്കിൽ ദുരന്തനിവാരണ പ്ലാൻ ശുചിത്വം പാലിച്ചു കൊണ്ടുള്ള വീടിന്റെ പ്ലാൻ ആയിരിക്കണമെന്ന് കെ.സി ഇസഡ്. എം.എ നിർദ്ദേശിച്ചു. എറണാകുളം ജില്ലയ്ക്ക് ഒരു പ്ലാൻ ഉണ്ടെന്നും അതിൽനിന്ന് എടവനക്കാടിന് അനുയോജ്യമായ തരത്തിലുള്ള പ്ലാൻ തയ്യാറാക്കി പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചതിനുശേഷം തങ്ങൾക്ക് അയച്ചാൽ അംഗീകാരം നല്കാം എന്നുകൂടി അധികാരികൾ നിർദ്ദേശിച്ചു.
ദുരന്തനിവാരണ പ്ലാൻ അംഗീകരിക്കേണ്ടത് കളക്ടർ വഴി ആയതിനാൽ കളക്ടറുടെ അംഗീകാരം കൂടി ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് താൻ നിരാഹാര സമരം നടത്തിയത്. പ്രശ്‌നബാധിത വാർഡുകളിൽ നിന്ന് വീട് നിർമ്മാണത്തിനുള്ള അപേക്ഷകൾ പഞ്ചായത്തിൽ ലഭിച്ചതും അതിന് പഞ്ചായത്തിൽ നിന്ന് തിരസ്‌കരിച്ചു കൊണ്ടുള്ള പഞ്ചായത്തിന്റെ മറുപടികളും അറിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ആറിന് മാദ്ധ്യമങ്ങളിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പിറ്റേന്ന് തന്നെ യോഗം വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെ നിലപാടിൽ എതിർപ്പ് തോന്നി. നിരാഹാര സമരം നടത്തുന്നതിന് ഇതും കാരണമായി.

ആക്ഷൻ കൗൺസിലിന് പറയാനുള്ളത്
ഇളവുകൾ അനുവദിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് 2019 ലും സംസ്ഥാന സർക്കാർ ഉത്തരവ് 2024ലും ഇറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് തങ്ങൾ നിരവധിതവണ സമരം നടത്തിയതെന്ന് സി.ആർ.ഇസഡ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സലിഹരൻ പ്രതികരിച്ചു. കടലോര നിവാസികളിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായിരുന്നു സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഇളവുകൾ തൊഴിൽ നോക്കാതെ തദ്ദേശവാസികൾക്കെല്ലാം അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് ജൂലായ് 14ന് ഇറങ്ങിയത്.
എടവനക്കാടിലെ അപേക്ഷകരിൽ ഭൂരിപക്ഷവും പാടശേഖരങ്ങളുടെയും തോടുകളുടെയും സമീപത്താണ് താമസിക്കുന്നത്. ഇവരുടെ കാര്യത്തിൽ 2019 ലെയും 2024ലെയും ഉത്തരവുകൾ അനുസരിച്ച് വീട് നിർമ്മാണത്തിന് അനുമതി നൽകാമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.