photo

വൈപ്പിൻ: കേരള വഖഫ് ബോർഡ് മുനമ്പം തീരത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്ത് വഖഫ് രജിസ്റ്ററിൽ എഴുതിയെടുത്തതിനെതിരെ മുനമ്പം വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിൽ ആരംഭിച്ച നിരാഹാര സമരം ഇന്ന് ഒരു വർഷം തികയുന്നു. നിരാഹാര സമരത്തിന്റെ 363-ാം ദിവസമായ വെള്ളിയാഴ്ച മുനമ്പം തീരജനതയെ സംബന്ധിച്ചിടത്തോളം മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന ഏറ്റവും നിർണായകമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

ഇന്നലെ വേളാങ്കണ്ണി മാതാ പള്ളി പാരിഷ് ഹാളിൽ പൊതുസമ്മേളനം കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഭൂസംരക്ഷണസമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ, എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറിയും സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ അഡ്വ. സംഗീത വിശ്വനാഥൻ, എസ്.എൻ.ഡി.പി യോഗം യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ, യോഗം ബോർഡ് മെമ്പർ കെ. പി. ഗോപാലകൃഷ്ണൻ, കുടുംബി സേവാസമിതി സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ, ആക്ട്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ധീവരസഭ താലൂക്ക് പ്രസിഡന്റ് എ. പി. രാധാകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.