
ഭൂപ്രകൃതിയുടെ മനോഹാരിത കൊണ്ട് ഒരുകാലത്ത് സഞ്ചാരികളെ മാടിവിളിച്ചിരുന്ന പ്രദേശമാണ് കോതമംഗലത്തെ ഭൂതത്താൻ കെട്ട് അണക്കെട്ടും പരിസരങ്ങളും. നല്ല കാലാവസ്ഥയാണെങ്കിൽ ഒരു ദിവസം ചെലവഴിക്കാനുള്ളതെല്ലാമുണ്ട് ഭൂതത്താൻ കെട്ടിൽ. അധികൃതർ മനസ്സ് വച്ചിരുന്നെങ്കിൽ ഒരു മിനി ഇടുക്കി എന്ന തരത്തിൽ ടൂറിസം വളർത്തി കൊണ്ടു വരാൻ സാധിക്കുമായിരുന്ന പ്രദേശം ഇന്ന് പഴയ പ്രതാപകാലത്തിന്റെ ഓർമ്മയിലാണ് കഴിഞ്ഞുകൂടുന്നത്. ഭൂതത്താൻ കെട്ടിന്റെ ദുരിതങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ...
കോതമംഗലം: ഭൂതത്താൻ കെട്ടിലെത്തിയാൽ പെരിയാർവാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ കാണാം. കാട് മൂടിയിരിക്കുന്ന പരിസരം, ആൾത്താമസമില്ലാത്ത കെട്ടിടങ്ങൾ. ഒറ്റനോട്ടത്തിൽ സ്ഥലപ്പേരിലുള്ള ഭൂതങ്ങളിവിടെയാണോ എന്ന് പോലും തോന്നിപ്പിക്കുന്ന നിശബ്ദ പ്രദേശം. മുമ്പ് പെരിയാർവാലിയിലെ ജീവനക്കാരുടെ ക്വാട്ടേഴ്സുകളായിരുന്ന കെട്ടിടങ്ങളാണിത്. പതിനഞ്ചോളം ക്വാട്ടേഴ്സുകളിൽ ഇപ്പോൾ ഉപയോഗിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. മറ്റുള്ളവയെല്ലാം ആവശ്യത്തിന് പരിപാലനമില്ലാതെ തകർച്ചയുടെ വക്കിൽ. ഇതേ അവസ്ഥ തുടർന്നാൽ കെട്ടിടങ്ങൾ ഉപയോഗശൂന്യമാകാൻ അധികകാലം കാത്തിരിക്കേണ്ടതില്ല.
പിൻവലിഞ്ഞ് കെ.ടി.ഡി.സി.
ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ടൂറിസം ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ മുമ്പ് തീരുമാനമെടുത്തിരുന്നതാണ്. കെ.ടി.ഡി.സി.ക്ക് കൈമാറാനും നടപടി എടുത്തിരുന്നു. വിനോദ സഞ്ചാരികൾക്കായുള്ള കോട്ടേജുകളാക്കി മാറ്റുന്നതിനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് രൂപ മുടക്കി കെട്ടിടങ്ങളുടെ അറ്റകുറ്റപണി നടത്തിയതുമാണ്.
കെ.ടി.ഡി.സി. യുടെ നേതൃത്വത്തിൽ വികസന പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. ഇതിന് മുന്നോടിയായി ബിയർ പാർലർ തുടങ്ങി. ഈ നീക്കത്തിന് മുൻകൈയ്യെടുത്തവർ സ്ഥാനങ്ങളിൽ നിന്ന് മാറിയത് പദ്ധതിക്ക് തിരിച്ചടിയായി. പിന്നീട് ബിയർ പാർലർ അടച്ചുപൂട്ടി. കെ.ടി.ഡി.സി. ഭൂതത്താൻകെട്ടിനോട് സലാം പറഞ്ഞു.
ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ ഭാഗമായി പെരിയാർവാലിയുടെ കെട്ടിടങ്ങളടക്കം കരാറെടുത്ത സ്വകാര്യ കമ്പനിക്ക് കൈമാറാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിൽ ക്വാട്ടേഴ്സ് കെട്ടിടങ്ങളും ഉൾപ്പെടുമായിരുന്നു. പദ്ധതിയുടെ തുടർ നടപടികൾ അനിശ്ചിതത്വത്തിലാണ്.
റിസർവോയറിന്റെയും തടാകത്തിന്റെയും സമീപത്താണ് ഈ കെട്ടിടങ്ങൾ നിലകൊള്ളുന്നത്. കെട്ടിടങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മുഖച്ഛായ മാറും. പൊതുഖജനാവിലേക്ക് വരുമാനവും ലഭിക്കും.
ഏലിയാസ് പോൾ
നാട്ടുകാരൻ