കൊച്ചി: കുണ്ടന്നൂരിൽ സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്കും വടിവാളും കാണിച്ച് വ്യാപാരിയിൽ നിന്ന് 80 ലക്ഷം തട്ടിയെടുത്ത സംഘം ഉടൻ പിടിയിലായേക്കും. കവർച്ച നടത്തി കേരളത്തിൽ നിന്നു കടന്ന സംഘത്തിന് വേണ്ടി തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കവർച്ച നടക്കുമ്പോൾ വ്യാപാരസ്ഥാപനത്തിലുണ്ടായിരുന്ന ജിജോയും മുഖം മൂടി ധരിച്ചെത്തിയ മൂന്നു പേരുമുൾപ്പെടെയാണ് പിടിയിലാകാനുള്ളത്. സൈബർസെൽ വിദഗ്ധരുടെ സഹായത്തോടെ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ഇന്ന് തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി സിറ്റി പൊലീസ്.
ഇതിനകം ഏഴ് പ്രതികൾ പിടിയിലായി. രണ്ട് പ്രതികൾ കവർച്ച നടക്കുമ്പോൾ ജിജോയ്ക്കൊപ്പം കുണ്ടന്നൂരിലെ സ്ഥാപനത്തിൽ ഉണ്ടായിരുന്നവരും ബാക്കിയുള്ളവർ ഇവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. കവർച്ച ചെയ്ത പണവും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്.