u
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച സ്വി​മ്മിംഗ് പൂൾ

മുളന്തുരുത്തി: കാരിക്കോട് ഗവ. യു.പി സ്കൂൾ വളപ്പിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച മഹാത്മാഗാന്ധി സെമി ഒളിമ്പിക് ഇൻഡോർ സ്വി​മ്മിംഗ് പൂൾ പണമുള്ളവരുടെ നീന്തൽക്കുളമായി മാറിയതായി പരാതി. 2020 സെപ്തംബറിൽ 1.55കോടിരൂപ ചെലവഴിച്ച് 25 മീറ്റർ നീളത്തിൽ രണ്ടുമീറ്റർ വീതിയുള്ള ആറ് ട്രാക്കുകളായി നിർമ്മാണം നടത്തിയ സ്വിമ്മിംഗ് പൂൾ കൊവിഡുമായി ബന്ധപ്പെട്ട് വർഷങ്ങളോളം അടച്ചിട്ടിരുന്നു. കേരളകൗമുദി വാർത്ത യെത്തുടർന്ന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്വിമ്മിംഗ്പൂൾ നടത്തിപ്പ് വൈ.എം.സി.എയെ ഏൽപ്പിക്കുകയായിരുന്നു.

ഇതോടെ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലുള്ള കുട്ടികളെ കായികതാരങ്ങളായി വളർത്തിക്കൊണ്ടുവരുവാനായി തയ്യാറാക്കിയ പദ്ധതി ലക്ഷ്യത്തിൽനിന്ന് അകന്നുതുടങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം. വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ കുട്ടികളുടെ കളിസ്ഥലം കൈയേറിയുള്ള സ്വിമ്മിംഗ്പൂൾ നിർമ്മാണത്തിനെതിരെ ആദ്യഘട്ടത്തിൽ ജനങ്ങളുടെ പ്രതിഷേധമുയർന്നപ്പോൾ മുളന്തുരുത്തി പഞ്ചായത്തിലെ കുട്ടികൾക്ക് ഒളിമ്പിക്സ് മെഡൽ എന്ന അനന്ത സാദ്ധ്യതകളുടെ വാതായനമാണ് തുറന്നിട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അധികാരികൾ രക്ഷപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചപ്പോൾ പഞ്ചായത്തും ക്ലബുമായി ഉണ്ടാക്കിയ കരാർ റദ്ദുചെയ്യണമെന്ന് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നെങ്കിലും ആ ഉത്തരവിനെതിരെ ഹൈക്കോടതിയിൽനിന്ന് താത്കാലിക സ്റ്റേവാങ്ങി ക്ലബിന് പ്രവർത്തിക്കാൻ അവസരം ഒരുക്കുകയായിരുന്നു.

ദരിദ്രരും അതിദരിദ്രരും പട്ടികജാതിക്കാരും ഏറെയുള്ള പഞ്ചായത്തിലെ കുട്ടികൾക്ക് നീന്തൽ പഠിക്കണമെങ്കിൽ വൻതുക ചെലവാക്കണം. സംഭവത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയരോഷം ശക്തമാണ്.

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളിലെയും 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ ഒരു മണിക്കൂർ സൗജന്യമായി നീന്തൽ പഠിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പല സ്കൂളുകളും അത് വേണ്ടരീതിയിൽ ഉപയോഗിക്കുന്നില്ല. നീന്തൽക്കുളം സംരക്ഷണവുമായി ബന്ധപ്പെട്ട് വൈ.എം.സി.എയ്ക്ക് നല്ല തുക ചെലവ് വരുന്നുണ്ട്. നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

ബിനി ഷാജി

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം

പദ്ധതിയുടെ മറവിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. അധികാര ദുർവിനിയോഗവും,ക്രമക്കേടും ആണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്‌മാൻ കണ്ടെത്തിയിട്ടുണ്ട്. ചില സമയങ്ങളിൽ രാത്രി 9 മണിക്കുശേഷം സ്കൂൾ മൈതാനത്ത് വാഹനങ്ങൾ വന്നുപോകാറുണ്ട്. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ പ്രധാന അദ്ധ്യാപികയ്ക്ക് മാത്രമായിരിക്കും ഉത്തരവാദിത്വം.

ലിജോ ജോർജ്, എൽ.ഡി.എഫ്

പാർലമെന്ററി പാർട്ടി ലീഡർ