കളമശേരി: ഏലൂർ പുതിയറോഡ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ തകരാറിലായിട്ട് ഒരാഴ്ചയായി. വാഹനത്തിരക്കേറിയ ഇവിടെ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ജൂണിൽ സിഗ്നൽ തകരാറിലായ സമയത്ത് ടിപ്പർലോറിയും കുടിവെള്ള ടാങ്കർലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്
മന്ത്രി പി. രാജീവ് സ്ഥലംസന്ദർശിച്ചാണ് പരിഹാരമുണ്ടാക്കിയത്.
എറണാകുളം, ആലുവ, ഏലൂർ, എടയാർ, പറവൂർ, ചേരാനല്ലൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും കൂറ്റൻ ടാങ്കർലോറികളും കണ്ടെയ്നർ ലോറികളും പതിവായി കടന്നുപോകുന്ന റോഡാണ്. ഫ്രാങ്ക്ളിൻ ഗാർഡൻ റെസി. അസോസിയേഷൻ കളക്ടർക്ക് പരാതിനൽകി.
കളക്ടർ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. സിഗ്നലിൽ വാഹനങ്ങൾ നിറുത്തുന്നിടത്ത് സീബ്രാലൈനുകൾ ഇല്ല. റോഡരികിലെ അനധികൃത പാർക്കിംഗിനും പരിഹാരമായിട്ടില്ലെന്ന് നഗരസഭാ കൗൺസിലർ കെ.എൻ. അനിൽകുമാർ പറഞ്ഞു.