കൊച്ചി: 25വർഷംമുമ്പ് കോടതിയിൽ നൽകിയ ഉറപ്പിൽനിന്ന് വ്യത്യസ്തമായി പുതിയ സ്ഥലത്ത് മാലിന്യസംസ്‌കരണപ്ലാന്റ് സ്ഥാപിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ നീക്കം ഹൈക്കോടതി തടഞ്ഞു. നഗരസഭ ഓഫീസിനും സിവിൽസ്റ്റേഷനും മദ്ധ്യേ 25സെന്റ് സ്ഥലം പ്ലാന്റിനായി ഉപയോഗപ്പെടുത്താൻ അനുമതി നൽകിയ കളക്ടറുടെ നടപടി ചോദ്യംചെയ്ത് തൃക്കാക്കര സാംസ്‌കാരികകേന്ദ്രം, റെസി. അസോസിയേഷൻ ഭാരവാഹികളും സമീപവാസികളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്.
ആധുനിക മാലിന്യസംസ്‌കരണപ്ലാന്റും അറവുശാലയും നിർമ്മിക്കാൻ സ്ഥലം വാങ്ങുമെന്ന പഴയ തൃക്കാക്കര പഞ്ചായത്തിന്റെ ഉറപ്പിനെത്തുടർന്ന് മാലിന്യനിർമ്മാർജനവുമായി ബന്ധപ്പെട്ട ഹർജി 1999ൽ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ആറുമാസത്തിനകം പദ്ധതി പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതായും അന്നത്തെ ഉത്തരവിലുണ്ട്. എന്നാൽ ഈ ഉറപ്പ് പാലിക്കാതെയാണ് ഇപ്പോൾ നഗരത്തിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. വാണാച്ചിറ ഭാഗത്ത് നേരത്തേ കണ്ടെത്തിയ സ്ഥലം നിലമായതിനാൽ പദ്ധതി അപ്രായോഗികമാണെന്നും പരിസരവാസികളിൽനിന്ന് എതിർപ്പ് ശക്തമാണെന്നുമാണ് നഗരസഭ കാരണം പറയുന്നത്. ലൈഫ്‌മിഷൻ ഫ്ലാറ്റുകൾ നിർമ്മിക്കാനായി ഈ സ്ഥലം ഉപയോഗിക്കാൻ 2015ൽ തീരുമാനിച്ചതായും അറിയിച്ചു.
1999ൽ എടുത്ത തീരുമാനത്തിൽ പഞ്ചായത്തും നഗരസഭയും ഇതുവരെ ഉറക്കത്തിലായായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. 25 വർഷമായി മുനിസിപ്പാലിറ്റി ഖരമാലിന്യ സംസ്‌കരണം നടത്തുന്നത് എങ്ങനെയാണെന്ന കാര്യങ്ങൾ ദുരൂഹമാണെന്നും വിലയിരുത്തി. ഇപ്പോൾ പ്ലാന്റ് വേറൊരിടത്താണ് സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. ഹൈക്കോടതിയിൽ നൽകിയരേഖ അതേപടി നിലനിൽക്കേ മറ്റൊരിടത്ത് പദ്ധതി സാദ്ധ്യമാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിലവിലെ നിർമ്മാണനടപടി സ്റ്റേചെയ്തത്. എന്നാൽ 1999ൽ നൽകിയ ഉറപ്പിൽ ഭേദഗതി വരുത്താൻ നഗരസഭയ്ക്ക് കോടതി മുഖേന നടപടി സ്വീകരിക്കാവുന്നതാണെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹർജി നവംബർ 7ന് പരിഗണിക്കാൻ മാറ്റി.