വൈപ്പിൻ: വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ എടവനക്കാട് പഴങ്ങാട് ബസ് സ്റ്റോപ്പിൽ കോൺക്രീറ്റ് ഇലക്ട്രിക് പോസ്റ്റ് നടപ്പാത നിരപ്പിൽ ഒടിഞ്ഞ് ചരിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളാകുന്നു. മൂന്ന് ദിവസം മുൻപ് പുലർച്ചെ ടോറസ് ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. എച്ച്.ഐ ഹയർസെക്കൻഡറി സ്‌കൂൾ, ശ്രേയസ് ഹോസ്പിറ്റൽ, വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ സമീപത്തുള്ള ഇവിടെ നൂറ്കണക്കിന് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഇടമാണ്. സ്‌കൂളിൽ ആയിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. ഇവർക്കും ചരിഞ്ഞു നിൽക്കുന്ന പോസ്റ്റ് ഭീഷണിയാണ്. കെ.എസ്. ഇ.ബി അധികൃതർ എത്രയും വേഗം പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വൈപ്പിൻ - മുനമ്പം സംസ്ഥാന പാതയിൽ തന്നെ ചെറായി ബേക്കറി ബസ് സ്റ്റോപ്പിന് വടക്ക് വശത്തുള്ള വളവിൽ ട്രാൻസ്‌ഫോർമർ സംരക്ഷണ വേലി തകർന്ന് കിടന്നിട്ട് നാളേറെയായി. മാത്രമല്ല ചില ഫ്യൂസുകളും കാരിയർ ഇല്ലാത്ത അവസ്ഥയിലാണ്. ഈ വളവിൽ വടക്ക് നിന്ന് ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾ ട്രാൻസ്‌ഫോർമറിന് സമീപം ഒട്ടേറെ അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. സമീപത്ത് എൽ.പി സ്‌കൂളും വ്യാപാര കേന്ദ്രങ്ങളുമുണ്ട്. അതിനാൽ വിദ്യാർത്ഥികളും കാൽനടക്കാരും ഈ ട്രാൻസ്‌ഫോർമറിന് അരികിലൂടെയാണ് യാത്ര ചെയ്യുന്നത്. ഫ്യൂസുകൾക്ക് കാരിയർ വയ്ക്കണമെന്നും ട്രാൻസ്‌ഫോർമറിന് സുരക്ഷാവേലി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.