garbage
പറവൂർ കേസരി റോഡിൽ മാലിന്യം ചാക്കിലാക്കി കൂട്ടിയിട്ടിരിക്കുന്നു

പറവൂർ: നഗരത്തിലെ വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും നിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളടക്കം ചാക്കിലാക്കി വഴിയോരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യാതെ അധികൃതർ. , നഗരത്തിലെ മിക്കയിടങ്ങളിലേയും വഴിയോരങ്ങളിൽ ഇത്തരം ചാക്കുകെട്ടുകൾ കാണാനാകും. ശേഖരിക്കുന്ന മാലിന്യങ്ങൾ പള്ളിത്താഴത്തെ നഗരസഭാ കെട്ടിടത്തിൽ കൊണ്ടുവന്ന് തരംതിരിച്ചാണ് ക്ളീൻ കേരളയ്ക്ക് കൈമാറേണ്ടത്. എന്നാൽ ഇത് നടക്കുന്നില്ലെന്നാണ് ആരോപണം. രണ്ടാഴ്ചയായി വഴിയോരങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുകയാണ്. കാൽനട യാത്രക്കാർക്കും സമീപത്തുള്ള വീടുകൾക്കും ഇതൊരു പൊതുശല്യമായി മാറിക്കഴിഞ്ഞു. ചിലയിടങ്ങളിൽ വലിയ കൂടുകളിലാണ് മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. ഏതാണ്ട് എല്ലായിടങ്ങളിലും കൂടുകൾ നിറഞ്ഞതോടെ ചാക്കുകെട്ടുകളിലാണ് മാലിന്യം ശേഖരിച്ചിരിക്കുന്നത്.

വഴിയോരങ്ങൾ മാലിന്യ സംഭരണ കേന്ദ്രമാക്കുന്ന നടപടിക്കെതിരെ നഗരസഭാ കൗൺസിൽ യോഗങ്ങളിൽ അംഗങ്ങൾ പലതവണ പരാതി ഉന്നയിച്ചു. എന്നാൽ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടായില്ല.

ഹരിതകർമ്മസേന

പറവൂർ നഗരസഭയിൽ 45 അംഗങ്ങളാണുള്ളത്. ഇവരാണ് 29 വാർഡുകളിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത്. വീടുകളിൽ നിന്ന് 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും മാസത്തിൽ നൽകണം. തരംതിരിച്ച് നൽകുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾക്ക് ക്ളീൻ കേരള നിശ്ചിത തുക നൽകുന്നുണ്ട്. ഹരിതകർമ്മസേനക്ക് ലഭിക്കുന്ന എല്ലാതുകയും ഇവരുടെ പ്രത്യേക അക്കൗണ്ടിലാണ് ലഭിക്കുന്നത്. ഈ തുകയാണ് സേനാംഗങ്ങൾക്കുള്ള വേതനമായി ലഭിക്കുന്നത്.

വാഹനത്തിന് ഡ്രൈവർമാരില്ല

മാലിന്യ ശേഖരണം നടത്തുന്ന നഗരസഭയുടെ വാഹനങ്ങളിൽ ഡ്രൈവർമാർ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. കരാർ ജീവനക്കാരായ ഇവരിൽ ഒരാൾ അസുഖം ബാധിച്ച് ചികിത്സയിലാണ്. മറ്റൊരാൾ ലീവിലും. ഡ്രൈവറുടെ ഒരു ഒഴിവ് നികത്തിയിട്ടുമില്ല. മാലിന്യ ശേഖരണത്തിന് രണ്ട് വാഹനമാണ് നഗരസഭക്കുള്ളത്. ഹരിതസേനക്കായി പുതിയൊരു വാഹനം വാങ്ങിയിട്ടുണ്ട്. ഇത് ഓടിക്കുന്നതിന് സേനയിലെ അംഗങ്ങൾ ഡ്രൈവിംഗ് പരിശീലിച്ച് വരുന്നു.