പറവൂർ: കരുമാല്ലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കടൂപ്പാടം കാർമൽ ഗിരി സെമിനാരിക്ക് സമീപം പുഴ നികത്തുന്നതിനിടെ മണ്ണുമാന്തിയന്ത്രം ആലുവ ഈസ്റ്റ് പൊലീസ് പിടിച്ചെടുത്തു. പെരിയാറിന്റെ തീരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും നിക്ഷേപിക്കുന്നതായി നാട്ടുകാർ പൊലീസിനെയും ആരോഗ്യവിഭാഗത്തെയും അറിയിച്ചിരുന്നു. പൊലീസ് ഇത് അന്വേഷിക്കാൻ എത്തിയപ്പോഴാണ് അനധികൃതമായി പുഴ നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. പുഴ നികത്തുന്ന ഭാഗത്തോട് ചേർന്നുള്ള സ്ഥലത്ത് രണ്ട് സ്വകാര്യ വ്യക്തികൾ പാർപ്പിട സമുച്ചയം പണിയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും നിർമ്മാണം പൂർത്തിയായിട്ടില്ല. പുഴ നികത്തുന്നതിന് വൻതോതിൽ ഖരമാലിന്യങ്ങളും സ്ഥലത്ത് ശേഖരിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന കിണർ മാലിന്യങ്ങൾ നിക്ഷേപിച്ച് മൂടിയതായി നാട്ടുകാർ പറഞ്ഞു. ജൽ ജീവൻ പദ്ധതിക്കായി റോഡ് കുത്തിപ്പൊളിച്ച മാലിന്യങ്ങളും മണ്ണും പുഴ നികത്താൻ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃമായി മണ്ണ് കടത്തിക്കൊണ്ടുപോയത് സംബന്ധിച്ച പഞ്ചായത്ത് അന്വേഷണം ആരംഭിച്ചു.