road
പത്താംമൈലിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നു

കോലഞ്ചേരി: പൈപ്പ് പൊട്ടലിൽ റെക്കാഡിടാനൊരുങ്ങി പത്താംമൈൽ. നാലു മാസത്തിനിടെ നൂറ് മീറ്ററിനുള്ളിൽ ശുദ്ധ ജലവിതരണ പൈപ്പ് പൊട്ടിയത് ഒരു ഡസൻ തവണയാണ്. കഴിഞ്ഞ ദിവസത്തെ പൊട്ടലിൽ ദേശീയപാതയുടെ പണി പൂർത്തിയായ ഭാഗം പിളർന്നു. ഒരു വർഷം മുമ്പ് ദേശീയ പാത പുനരുദ്ധരിച്ചപ്പോൾ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെയാണ് പണി പൂർത്തിയാക്കിയത്. ഇടയ്ക്കിടെയുള്ള പൈപ്പ് പൊട്ടലിൽ ദുരിതത്തിലാകുന്നത് യാത്രക്കാരാണ്. പൈപ്പ് മാറ്റുന്ന അറ്റകുറ്റപ്പണികൾക്കായി ഒരു വശം റോഡ് ബ്ളോക്ക് ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്.

രണ്ടു വർഷം മുമ്പെ തന്നെ പഴയ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട അനിവാര്യത അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ജല അതോറിട്ടി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ യൂട്ടിലിറ്റി ഷിഫ്റ്റിംഗിൽ ഇലക്ട്രിക് കേബിളുകൾ മാറ്റുക മാത്രമാണ് ചെയ്തത്.

മാമല മുതൽ പെരുവുംമൂഴി വരെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് 20 കോടി രൂപയുടെ പ്രപ്പോസലാണ് തയ്യാറാക്കിയത്. പത്താംമൈലിനും ചൂണ്ടിക്കും ഇടയിൽ പൈപ്പുകൾ പൊട്ടുന്നതിന് കാരണം റോഡ് ടാറിംഗിനിടെ റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്ന സമയത്ത് കനത്ത മർദ്ദമേറ്റതാകും എന്നാണ് അധികൃതരുടെ വാദം. 4 പതിറ്റാണ്ട് മുമ്പാണ് ഇവിടെ എ.സി പൈപ്പുകൾ സ്ഥാപിച്ചത്.

അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലിൽ വലയുന്നത് പൂതൃക്ക, ഐക്കരനാട് പഞ്ചായത്തിലെ ജനങ്ങൾ. ഈ മേഖലയിൽ ജലവിതരണം പലപ്പോഴും പൂർണമായും തടസപ്പെടുന്നു. പൈപ്പ് പൊട്ടൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

ചില ഷിഫ്റ്റുകളിൽ ജോലി നോക്കുന്നവർ കുടിവെള്ള വിതരണത്തിനിടെ പൈപ്പിൽ വരുത്തേണ്ട സമ്മർദ്ദ വ്യതിയാനങ്ങളിൽ കൃത്യത പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും പൈപ്പ് പൊട്ടലിന് കാരണമായി പറയുന്നു.

തുടർച്ചയായി പൈപ്പ് പൊട്ടുന്നതിന്റെ കാരണം മനസിലാക്കി പരിഹാരംകാണാൻ വാട്ടർ അതോറി​ട്ടി ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല

ജോൺ ജോസഫ്

മുൻ പഞ്ചായത്ത് അംഗം

പൂതൃക്ക