കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്നും നാളെയുമായി നടക്കുന്ന ശാസ്‌ത്രോത്സവത്തിൽ കലവറ നിറയ്ക്കാൻ പ്രൈമറി വിഭാഗം കുഞ്ഞുങ്ങളും സ്‌കൂളുകളും കൈകോർത്തു. രണ്ടുദിവസത്തെ ഭക്ഷണത്തിന് ആവശ്യമായ നൂറിലധികം തേങ്ങ, വാഴക്കുല, മാങ്ങ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പായസത്തിന് ആവശ്യമായ ശർക്കര മറ്റ് സാധനങ്ങൾ അടങ്ങിയ വലിയ സമാഹരണമാണ് സ്‌കൂളുകൾ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ് അടക്കമുള്ള ജനപ്രതിനിധികളും ഇതിൽ പങ്കാളികളായി. എ.ഇ.ഒ പി.ആർ. മേഖല, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അനിയൻ പി. ജോൺ, പ്രധാന അദ്ധ്യാപകർ എന്നിവർ ചേർന്ന് വിഭവങ്ങൾ കൈമാറി.