പറവൂർ: കരുമാല്ലൂരിലെ കർഷകരെ നട്ടംതിരിച്ച് മോട്ടോർ കള്ളന്മാർ വിലസുന്നു. ഒരുമാസത്തിനുള്ള ആറിലധികം കൃഷിയിടങ്ങളിൽ നിന്ന് മോട്ടോറുകൾ മോഷണം പോയി. പതിനായിരത്തിലധികം രൂപ വിലവരുന്ന മോട്ടോറുകളാണ് നഷ്ടപ്പെട്ടത്. ഷെഡിലും പുറത്തുമാണ് കർഷകർ മോട്ടോർ സ്ഥാപിക്കുന്നത്. ഷെഡ് പൊതുവെ പൂട്ടാറില്ല. ഇത് മുൻകൂട്ടികണ്ടാണ് രാത്രിസമയത്ത് മോഷ്ടാക്കൾ എത്തുന്നത്.
മനയ്ക്കപ്പടിയിലെ ജൈവകർഷകനായ ഡേവിസ് ചക്കശേരിയുടെ അരുമതയുള്ള കൃഷിത്തോട്ടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം മോട്ടോർ മോഷണം പോയത്. ഡ്രിപ്പ് ഇറിഗേഷൻ ഹോസ്റ്റുകൾ അറുത്തുമാറ്റിയ നിലയിലാണ്. കർഷകൻ ബൈജുവിന്റെ കൃഷിയിടത്ത് നിന്നും കഴിഞ്ഞ ദിവസം മോട്ടോർ നഷ്ടപ്പെട്ടു. സമീപകാലത്ത് കരുമാല്ലൂർ വ്യാപകമായി മോഷണങ്ങൾ നടക്കുന്നുണ്ട്. ചില കേസുകളിൽ അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം നാട്ടിലെ സ്വൈര്യജീവിതം താറുമാറായെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം പൊലീസ് ഉറപ്പാക്കണമെന്നും കരുമാല്ലൂർ പഞ്ചായത്ത് അംഗം കെ.എം. ലൈജു ആവശ്യപ്പെട്ടു.