
കൊച്ചി: സ്തനാർബുദത്തെ ചെറുത്ത് തോൽപ്പിക്കുന്നതിന് വനിതകളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കെ.എഫ്.ഒ.ജി), അസോസിയേഷൻ ഒഫ് ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ്സ് ഒഫ് ഇന്ത്യ കേരള ചാപ്റ്റർ എന്നിവരുടെ സഹകരണത്തോടെ കൊച്ചി ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയും ലേക്ക്ഷോർ ആശുപത്രിയും സംയുക്തമായി എറണാകുളം മറൈൻഡ്രൈവിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്തനാർബുദത്തെ അതിജീവിച്ച 25 പേരെ ചടങ്ങിൽ ആദരിച്ചു. കെ.എഫ്.ഒ.ജി പ്രസിഡന്റ് ഡോ. സുചിത്ര സുധീർ അദ്ധ്യക്ഷയായി. ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിക്കായലിൽ സംഘടിപ്പിച്ച കയാക്കിംഗും ദീപ ശിഖ കൈമാറലും എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
നിഷാ ജോസ്.കെ. മാണി, ഡോ.കെ. ചിത്രതാര, കെ.എഫ്.ഒ.ജി ബ്രെസ്റ്റ് ക്യാൻസർ പ്രിവെൻഷൻ കോഓർഡിനേറ്റർ ഡോ. ഉഷാ മേനോൻ, കൊച്ചി ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് ഡോ. ഗേസ്രി തോമസ്, കെ.എഫ്.ഒ.ജി വൈസ് പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.