കോതമംഗലം: അമിത വേഗതക്കും അസ്വാഭാവികമായി ഹോൺ മുഴക്കിയതിനും മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ അതൃപ്തിക്കിരയായ കോതമംഗലത്തെ രണ്ട് സ്വകാര്യബസുകൾക്കെതിരെയുള്ള നടപടിയിൽ തീരുമാനമായില്ല. ഐഷാസ്, സെന്റ് മേരീസ് എന്നീ ബസുകളാണ് പ്രതിസ്ഥാനത്തുള്ളത്. ഐഷാസ് ബസിന്റെ ഡ്രൈവർ അജയൻ, കണ്ടക്ടർ കരീം എന്നിവരെ മുവാറ്റുപുഴ ആർ.ടി.ഒ. ഇന്നലെ വിളിപ്പിച്ചിരുന്നു. ഇരുവരും തങ്ങളുടെ ഭാഗം വിശദീകരിച്ചു. പിന്നീട് മാപ്പപേക്ഷയും നൽകി. നടപടി സംബന്ധിച്ച് ആർ.ടി.ഒ മറുപടി നൽകിയിട്ടില്ല. ബസ് ഉടമ ഷാജിക്ക് ഒപ്പമാണ് ജീവനക്കാർ ആർ.ടി.ഒയെ കണ്ടത്. ബസിന്റെ പെർമിറ്റ് സസ്‌പെന്റ് ചെയ്യണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിലും അന്തിമ തീരുമാനമായിട്ടില്ല. പെർമിറ്റുമായി ബന്ധപ്പെട്ട് നടപടിയുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർക്കെതിരെ മാത്രം നടപടിയെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാനുള്ള ആലോചനയുണ്ടെന്നാണ് അറിയുന്നത്. കോതമംഗലത്ത് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടന്ന ചടങ്ങിനിടെയാണ് സ്വകാര്യബസുകൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി മന്ത്രി നടപടി പരസ്യമായി പ്രഖ്യാപിച്ചത്.