പറവൂർ: തെരുവുനായയുടെ കടിയേറ്റ് ചെവിയുടെ ഒരുഭാഗം അറ്റുപോയ മൂന്നരവയസുകാരി ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ടുവീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയ്ക്ക് ശസ്ത്രക്രിയ നടത്തി. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നടത്തിയ ശസ്ത്രക്രിയയിൽ അറ്റുപോയ ഭാഗം തുന്നിച്ചേർത്തു. ശസ്ത്രക്രിയ പ്രായോഗികമാകുമോയെന്ന് ആശങ്കയിലായിരുന്നു കുടുംബം. ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലാണ് ബാലിക. ശസ്ത്രക്രിയ എത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ ഡോക്‌ടർമാർ ഉറപ്പ് പറഞ്ഞിട്ടില്ലെന്നും മുറിവിലെ തുന്നൽ അഴിച്ച് നോക്കിയശേഷം ആവശ്യമെങ്കിൽ ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് നാലിന് വീടിന് സമീപം സമപ്രായക്കാരോടൊപ്പം കളിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്. മുറിഞ്ഞുപോയ ചെവിയുടെ ഭാഗം ബന്ധുക്കൾ കവറിൽ ആശുപത്രിയിലെത്തിച്ചിരുന്നു.
നിഹാരയെ ആക്രമിച്ച തെരുവുനായയെ പ്രദേശവാസികൾ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തല്ലിക്കൊന്നിരുന്നു. ഐസിൽ സൂക്ഷിച്ചിരുന്ന നായയുടെ മൃതദേഹം ഇന്നലെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരിജ അജിത്കുമാറിന്റെ നേതൃത്വത്തിൽ മണ്ണുത്തി വെറ്ററിനറി കോളേജിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ചിറ്റാറ്റുകരയിലെത്തിച്ച് കുഴിച്ചിട്ടു. ഫലം ലഭിച്ചിട്ടില്ല.
ബാലികയെയും വീട്ടുകാരെയും തെരുവുനായവിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി ആശുപത്രിയിൽ സന്ദർശിച്ചു. എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. കുട്ടിയുടെ ചികിത്സാചെലവിലേക്ക് ജനസേവ ശിശുഭവൻ സാമ്പത്തിക സഹായമായ 20,000 രൂപയുടെ ചെക്ക് നിഹാരയുടെ പിതാവ് മിറാഷിന് കൈമാറി. കൊച്ചുകുട്ടികൾ അടക്കമുള്ളവർ ദിവസേന തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടും കേരള സർക്കാർ അനങ്ങാപ്പാറനയം തുടരുകയാണെന്നും ജോസ് മാവേലി പറഞ്ഞു.