jaisol
ജയ്സൽ ഫ്രാൻസിസ്

കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീൽവ്യാപാര സ്ഥാപനഉടമ സുബിനെ തോക്കുചൂണ്ടി 80ലക്ഷംരൂപ കവർന്ന കേസിൽ രണ്ട് പ്രതികൾകൂടി അറസ്റ്റിൽ. മുഖംമൂടി ധരിച്ച് പണം തട്ടിയെടുത്ത ഇടുക്കി മുരിക്കാശേരി സ്വദേശി ജയ്സൽ ഫ്രാൻസിസ് (30), ഇടുക്കി ഉടുമ്പൻചോല സ്വദേശി അബിൻസ് കുര്യാക്കോസ് (29) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘത്തലവനും അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണറുമായ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ബംഗളൂരുവിൽനിന്ന് പിടികൂടിയ ഇരുവരെയും ഇന്നലെ ഉച്ചയ്ക്ക് കൊച്ചിയിലെത്തിച്ചു.

കവർച്ചയ്ക്കുശേഷം പ്രതികൾ പോണ്ടിച്ചേരിയിലേക്കും തുടർന്ന് ബംഗളൂരുവിലേക്കുമാണ് കടന്നത്. സൈബർഡോമിന്റെ സഹായത്തോടെ നീക്കങ്ങൾ തിരിച്ചറിഞ്ഞാണ് പിടികൂടിയത്. ഇരുവരും വാടകഗുണ്ടകളെന്ന നിലയിലാണ് കവർച്ചയിൽ പങ്കെടുത്തത്.

മുഖ്യആസൂത്രകനും ആലുവ ആലങ്ങാട് സ്വദേശിയുമായ ജോജി പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾ ഉടൻ പിടിയിലാകും. മുഖംമൂടി സംഘത്തിൽപ്പെട്ട മറ്റൊരു പ്രതി രാഹുലിനായി തെരച്ചിൽ തുടരുന്നു. കവർച്ച നടക്കുമ്പോൾ ജോജിക്കൊപ്പം ഉണ്ടായിരുന്ന വടുതല സ്വദേശി സജി, തൃശൂർ നാട്ടിക സ്വദേശി വിഷ്ണു, കവർച്ചയ്ക്ക് സഹായം നൽകിയ കൊച്ചിയിലെ അഭിഭാഷകൻ നിഖിൽ നരേന്ദ്രനാഥ്, ആസിഫ് ഇക്ബാൽ, ബുഷറ, നിഹാസ്, അർജുൻ ഉൾപ്പെടെ 7 പ്രതികൾ നേരത്തേ പിടിയിലായിരുന്നു.

80 ലക്ഷം രൂപ നൽകിയാൽ 1.20 കോടി രൂപയായി തിരികെനൽകാമെന്ന് പറഞ്ഞ് ജോജിയാണ് വ്യാപാരി സുബിനെ സമീപിച്ചത്. എട്ടാംതീയതി വൈകിട്ട് മൂന്നിന് 80ലക്ഷം രൂപയുമായി കുണ്ടന്നൂരിലെ സ്ഥാപനത്തിൽ വ്യാപാരി കാത്തിരിക്കുമ്പോഴാണ് മുഖംമൂടിസംഘം തോക്കും വടിവാളുംകാട്ടി ഭീഷണിപ്പെടുത്തി 80ലക്ഷംരൂപയുമായി വാഹനങ്ങളിൽ കടന്നത്. ഈ സമയം ഇവിടെയുണ്ടായിരുന്ന ജോജിയും മറ്റൊരു പ്രതി വിഷ്ണുവും മുഖംമൂടി സംഘത്തിനൊപ്പം രക്ഷപ്പെട്ടു. 24 മണിക്കൂറിനകം തൃശൂർ നാട്ടികയിൽ നിന്ന് വിഷ്ണുവിനെ അറസ്റ്റുചെയ്ത പൊലീസ് രണ്ട് വാഹനങ്ങളും കവർച്ചാസംഘം ഉപയോഗിച്ച തോക്കും വ്യാപാരിയിൽനിന്ന് തട്ടിയെടുത്ത പണത്തിൽ 20 ലക്ഷവും കണ്ടെടുത്തിരുന്നു.

abins
അബിൻസ് കുര്യാക്കോസ്

കുണ്ടന്നൂരിൽനിന്ന് പ്രതികൾ രക്ഷപ്പെട്ട വാഹനങ്ങൾക്ക് നമ്പർപ്ലേറ്റുകളും വ്യാപാരസ്ഥാപനത്തിൽ സി.സി ടിവി ക്യാമറകളും ഇല്ലാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായെങ്കിലും കവ‌ർച്ച നടന്ന് ആറുദിവസത്തിനകം 9 പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചത് നേട്ടമായി. പ്രതികൾ മൊബൈൽകാർഡ് സിം എടുക്കുമ്പോൾ നൽകിയ ഫോട്ടോകൾ അന്വേഷണത്തിൽ നിർണായകമായി.

എസ്.ഐമാരായ സുധീർ, ജോസി, എ.എസ്.ഐ അനിൽകുമാർ, സനീബ്, സി.പി.ഒമാരായ മഹേഷ്, ഫസൽ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.