കൊച്ചി: വീടിനകത്ത് അതിക്രമിച്ച് കയറി വസ്ത്രങ്ങളും കട്ടിലും തീകൊളുത്തി നശിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കടവന്ത്ര ഗാന്ധിനഗർ ഉദയാകോളനിയിൽ പ്രതീഷ്‌കുമാറിനെയാണ് (34) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേ കോളനിയിൽ താമസിക്കുന്ന അനീഷിന്റെ വീട്ടിൽ ഒക്ടോബർ ഒന്നിന് പകൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു അതിക്രമം. അന്ന് രാവിലെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പ്രതികാരമായിട്ടായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതീഷ് കഴിഞ്ഞദിവസം കടവന്ത്രയിൽ എത്തിയെന്ന് വിവരം കിട്ടിയതിനെ തുടർന്ന് എസ്.ഐ കെ. ഷാഹിനയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വധശ്രമ കേസിലുൾപ്പെടെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.