f

കൊച്ചി: ആശ വർക്കർമാരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നതടക്കം പരിഗണിച്ച ഉന്നതതല സമിതി റിപ്പോർട്ട് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശുപാർശകൾ നടപ്പാക്കുന്നതിലെ സാമ്പത്തിക വശം പരിശോധിച്ചു വരികയാണ്. ആശ പദ്ധതിയിൽ പങ്കാളികളായ നാഷണൽ ഹെൽത്ത് മിഷന്റെ അഭിപ്രായം അറിയാനുണ്ടെന്നും സർക്കാർ വ്യകതമാക്കി. തുടർനടപടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ കൂടുതൽ സമയം തേടിയതിനെതുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജികൾ നവംബർ 4ന് പരിഗണിക്കാൻ മാറ്റി.

ആശ സമരം തീർക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പബ്ലിക് ഐ ട്രസ്റ്റ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് പരിഗണനയിലുള്ളത്. സർക്കാർ തീരുമാനമെടുക്കും മുമ്പ് ബന്ധപ്പെട്ട സംഘടനകളെ കേൾക്കണമെന്ന് ഹർജിയിൽ കക്ഷിചേർന്ന ആശ ആൻഡ് ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.