
കോതമംഗലം: ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച വയോജനവിശ്രമകേന്ദ്രം ആരും തിരിഞ്ഞുനോക്കാതെ അനാഥമായി. അഞ്ചു വർഷം മാത്രമാണ് ഈ കേന്ദ്രത്തിന്റെ പ്രായം. ഇപ്പോൾ അകവും പുറവും വൃത്തിഹീനമാണ്. ചുറ്റും കാട് നിറഞ്ഞു. അറ്റകുറ്റപ്പണിയും ഇല്ല, അടിച്ചുവാരി വൃത്തിയാക്കലുമില്ല. സീലിംഗ് പാനൽ ഒരറ്റത്തുനിന്ന് അടർന്നുവീണു തുടങ്ങി. 2020ൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തതാണിത്. ഇങ്ങനെ ഒരു കേന്ദ്രം ഇവിടെയുള്ളതായി ബ്ലോക്ക് പഞ്ചായത്ത് പോലും മറന്നുകഴിഞ്ഞു.
2019–20 വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ഇവിടെ ഫണ്ട് വിനിയോഗം നടത്തിയത്. ഫണ്ട് പെരിയാർവാലിക്ക് കൈമാറുകയും പെരിയാർവാലി നിർമ്മാണം നടത്തുകയുമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് നേരിട്ട് നിർമ്മാണം നടത്താൻ കഴിയില്ലെന്ന സാങ്കേതികത്വം മറികടക്കാനായിരുന്നു ഇത്.
വയോജനങ്ങൾ ഉപയോഗിച്ചില്ല
ഭൂതത്താൻകെട്ടിൽ വയോജനങ്ങൾക്കുവേണ്ടി ഇങ്ങനെ ഒരു കേന്ദ്രം എന്തിനെന്ന ചോദ്യം അക്കാലത്തുതന്നെ ഉയർന്നിരുന്നു. 'പ്രയോജനപ്രദമാകും' എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഈ കേന്ദ്രത്തിൽ വിശ്രമിക്കാൻ വയോജനങ്ങൾ എത്തിയതായി ആർക്കും അറിയില്ല. ചെറിയ മീറ്റിംഗുകൾക്ക് അനുയോജ്യമായ വിധത്തിലാണ് കേന്ദ്രത്തിന്റെ നിർമ്മാണം. അത്തരമൊരു ഉപയോഗവും ഉണ്ടായിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയും ഭൂതത്താൻകെട്ടിൽത്തന്നെ മറ്റൊരിടത്താണ് നടത്തിയത്.
ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും പരിപാലനം ഉറപ്പാക്കുകയും ചെയ്താൽ വയോജനവിശ്രമകേന്ദ്രം ഭാവിയിൽ പ്രയോജനപ്രദമാകും. ആരും തിരിഞ്ഞുനോക്കാത്ത ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ ഭരണത്തിലിരിക്കുന്നവരുടെ ദീർഘവീക്ഷണമില്ലായ്മയുടെയും ഫണ്ട് ദുരുപയോഗത്തിന്റെയും പ്രതീകം മാത്രമാകും ഇത്.
ഓപ്പൺ സ്റ്റേജും നശിക്കുന്നു
വയോജനവിശ്രമകേന്ദ്രത്തിന് സമീപത്തുതന്നെയുള്ള ഓപ്പൺ സ്റ്റേജിന്റെ അവസ്ഥയും പരിതാപകരമാണ്. മനോഹരമായ ഈ നിർമ്മിതി ഇപ്പോൾ കൊടുംകാടിനുള്ളിലാണ്. സന്ദർശകർ വിശ്രമത്തിനും ഫോട്ടോയെടുക്കുന്നതിനും ഇവിടം ഉപയോഗിച്ചിരുന്നു. ഇപ്പോൾ കാലെടുത്തുവെക്കാനാകില്ല. ഇഴജന്തുക്കളെയും ഭയക്കണം. പെരിയാർവാലിയുടെ ഉദ്യോഗസ്ഥർ ഇതെല്ലാം അവഗണിക്കുകയാണ്.