d

കൊച്ചി: തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് പിൻവലിക്കണോ എന്നതിൽ ഹൈക്കോടതി 17ന് വിധിപറയും. അതുവരെ ടോൾ പിരിവിനുള്ള സ്റ്റേ തുടരും. നിർമ്മാണം നടക്കുന്നിടങ്ങളിൽ ഗതാഗതക്കുരുക്കിൽപ്പെട്ട അനുഭവങ്ങൾ ഹൈക്കോടതി ജഡ്ജിമാരും പങ്കുവയ്‌ക്കുന്നുണ്ടെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു. കോടതി നിർദ്ദേശ പ്രകാരം ഗതാഗതം സുഗമമാക്കാനുള്ള നടപടിയെടുത്തെന്നും ടോൾ പിരിക്കാൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ടോൾ വിലക്കിയത് മറ്റ് ഭാഗങ്ങളിലെ വികസനത്തെ ബാധിക്കും. ടോൾ ഇളവ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ അറിയിച്ചത്.

ആമ്പല്ലൂ‌‌ർ, മുരിങ്ങൂർ മേഖലയിൽ കുരുക്ക് തുടരുകയാണെന്ന് തൃശൂർ ജില്ല കളക്ടർ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാൻ ദേശീയപാത അതോറിട്ടിക്ക് ഇന്നലെ തന്നെ നിർദ്ദേശം നൽകണമെന്ന് കളക്ടറോട് കോടതി ആവശ്യപ്പെട്ടു. ആഗസ്റ്റ് ആറിനാണ് പാലിയേക്കരയിൽ ഹൈക്കോടതി ടോൾ വിലക്കിയത്.