പിന്നിൽ ഭൂമാഫിയ
തൃപ്പൂണിത്തുറ: പാടശേഖരങ്ങൾ തുച്ഛമായ വിലയ്ക്ക് വാങ്ങി ഭൂമാഫിയ മണ്ണിട്ട് നികത്തി ഉദ്യോഗസ്ഥരുടെ അനുമതിയോടെ തരംമാറ്റി ലക്ഷക്കണക്കിന് രൂപയ്ക്ക് വിൽക്കുന്നതായി പരാതി. തൃപ്പൂണിത്തുറ തെക്കുംഭാഗം വെള്ളക്കിനാവ് ക്ഷേത്രത്തിനടുത്തുള്ള ഒരേക്കർ 13സെന്റ് ഇടംപാടം പാടശേഖരത്തെക്കുറിച്ചാണ് ആക്ഷേപം. പാടശേഖരത്തിൽ പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റുമാലിന്യങ്ങളും ആദ്യം നിറച്ചതിനുശേഷം പൂഴിമണ്ണ് കലർത്തി ഘട്ടംഘട്ടമായി നികത്തും. തുടർന്ന് പ്ലോട്ടുകളായി തിരിച്ച് തരം മാറ്റത്തിന് അപേക്ഷ നൽകും. അപേക്ഷ നൽകി രണ്ടുമാസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി തരംമാറ്റി നൽകുകയും ചെയ്യുന്നതാണ് രീതി.
വെള്ളക്കെട്ട് ഭീഷണിയുള്ള തെക്കുംഭാഗം വെള്ളക്കിനാവ് പ്രദേശത്തെ പ്രധാന വയൽ നികത്തുന്നതിനാൽ പ്രദേശവാസികൾ ആശങ്കാകുലരാണ്. കഴിഞ്ഞ മഴക്കാലത്തു പ്രദേശത്തെ വീടുകളിലേക്ക് വെള്ളംകയറിയതിനാൽ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരുന്നു.
ഈ സാഹചര്യംപോലും കണക്കിലെടുക്കാതെ വയൽ തരംമാറ്റി നികത്താൻ ബന്ധപ്പെട്ടവർ റിപ്പോർട്ട് നൽകിയത് ചോദ്യംചെയ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
പ്രദേശവാസികളായ എ.പി. രാജീവ്, മോളി എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയതോടെ തൃപ്പൂണിത്തുറ കൃഷി ഓഫിസർ, നടമ വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി. നികത്തലിനെതിരെ ഉടമസ്ഥന് സ്റ്റോപ്പ് മെമ്മോ നൽകി.
പ്രദേശത്തെ പല കുടുംബങ്ങളും തരം മാറ്റാനായി അഞ്ചുവർഷത്തിൽ അധികമായി അപേക്ഷ നൽകിയിട്ടും പരിഗണിക്കാതിരുന്ന അധികൃതർ ഇവിടെ ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കിയതിൽ ആരോപണം ശക്തമാണ്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തി. പരിശോധനയിൽ സ്ഥലം നിലമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകും. നിലം നികത്തലുമായി കൃഷിവകുപ്പിന് യാതൊരുവിധ ബന്ധവുമില്ല.
കൃഷി ഓഫീസർ,
തൃപ്പൂണിത്തറ
നികത്തൽ താത്കാലികമായി നിറുത്തിവച്ചിട്ടുണ്ട്.
ഡേറ്റാബാങ്ക് പരിശോധിച്ച് ഭൂമി നിലമാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം തുടർനടപടി സ്വീകരിക്കും. ഭൂമി നികത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും.
വില്ലേജ് ഓഫീസർ
തൃപ്പൂണിത്തുറ നടമ.
ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് കുറഞ്ഞ ദിവസത്തിനുള്ളിൽ ഏക്കർ കണക്കിനുള്ള നിലം നികത്തുന്നത്. ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ട്.
രാജൻ പനക്കൽ,
ബി.ജെ.പി
തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി