
കാലടി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കമാകും. നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലാണ് രണ്ട് ദിവസമായി ശാസ്ത്രോത്സവം നടക്കുക. ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം, ഐ.ടി സ്കൂൾ എന്നീ വിഭാഗങ്ങളിൽ ശാസ്ത്രോത്സവം പ്രവൃത്തി പരിചയ മേള സംഘടിപ്പിക്കുന്നത്.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ തിരിച്ച് 125 വിദ്യാലയങ്ങൾ പങ്കെടുക്കുമെന്ന് അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ സീന പോൾ കേരള കൗമുദിയോട് പറഞ്ഞു. മേളയിൽ 3500 വിദ്യാർത്ഥികൾ പങ്കെടുക്കും.
ഇന്നലെ മുതൽ സ്കൂൾ തിരിച്ച് രജിസ്ട്രേഷൻ ആരംഭിച്ചു. ബെന്നി ബെഹനാൽ എം.പി, റോജി. എം. ജോൺ എം.എൽ. എ, പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ, സ്കൂൾ പ്രിൻസിപ്പൽ നിഷ.പി. രാജൻ, സ്കൂൾ മാനേജർ അഡ്വ.സിന്ധു സുരേഷ് എന്നിവർ മുഖ്യ സംഘടകരായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
ശാസ്ത്രാവബോധമുള്ള പുതിയ തലമുറയെ വളർത്തി എടുക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമാണിത്
റോജി. എം. ജോൺ, എം.എൽ.എ
പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സൗജന്യ ഭക്ഷണമൊരുക്കും. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. സ്കൂളിലെ എസ്.പി .സി, എൻ.എസ്.എസ്. സ്കൗട്ട് എന്നീ വിഭാഗങ്ങളും നിന്നും കാലടി ആദി ശങ്കരയിൽ നിന്നും വിദ്യാർത്ഥികൾ ഇൻവിജിലേറ്ററായി എത്തും.
രേഖ രാജ് ,
എസ്.എൻ.ഡി.പി സ്കൂൾ, നീലീശ്വരം.