1
തോപ്പുംപടി വാക്ക് വേ

തോപ്പുംപ്പടി: ലക്ഷങ്ങൾ മുടക്കി കൊച്ചിൻപോർട്ട് തോപ്പുംപടിയിൽ നിർമ്മിച്ച വാക്‌വേ നാശത്തിന്റെ വക്കിൽ. ബി.ഒ.ടി പാലംമുതൽ കണ്ണങ്ങാട്ട് പാലംവരെയുള്ള വാക്‌വേ 3 കിലോമീറ്ററാണ്. വാക്‌വേയുടെ ഇരുവശവും കാട് പിടിച്ചതിനാൽ തെരുവുനായകളുടേയും ഇഴജന്തുക്കളുടേയും ശല്യം രൂക്ഷമായി. ദിനംപ്രതി പ്രഭാതസവാരിക്കും സായാഹ്ന സവാരിക്കുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. വാക്‌വേയിൽ നിരവധി ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്.

കണ്ണങ്ങാട്ട് പാലത്തിനുസമീപം കൊച്ചിൻ പോർട്ട് ഹാൾ വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇവിടെ മാലിന്യനിക്ഷേപവും പതിവായി. മലിനജലവും ഒഴുകിപ്പോകാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഇതിന് സമീപത്ത് തന്നെയാണ് വ്യായാമത്തിനായുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ബി.ഒ.ടി പാലത്തിനു സമീപം 2 ടോയ്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നോക്കുകുത്തിയാണ്.

കെ.വി. തോമസ് മന്ത്രി ആയിരിക്കെയാണ് ഇവിടെ വാക്‌വേവന്നത്. സമീപത്തെ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് പ്രഭാത, സായാഹ്നസവാരി ഒരുക്കാനും മറ്റുമാണ് കൊച്ചിൻ പോർട്ടിന്റെ സഹകരണത്തോടെ നിർമ്മാണം തുടങ്ങിയത്. ബി.ഒ.ടി പാലത്തിന്റെ അടുത്തjതന്നെ വാക്‌വേ തുടങ്ങുന്ന സ്ഥലത്താണ് ലോഡിംഗ് അൺലോഡിംഗ് ജീവനക്കാരുടെ വിശ്രമകേന്ദ്രവും പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം ഇവിടെ വളർന്ന് പന്തലിച്ചുനിന്ന കാട് കരാറുകാരൻ വന്ന് വെട്ടി ഇട്ട് പോയതല്ലാതെ ഉണങ്ങിയ മാലിന്യങ്ങൾ നീക്കംചെയ്തിട്ടില്ല. വാക്‌വേയിൽ നടപ്പുകാർ സംഘടന രൂപീകരിച്ചിട്ടുണ്ട്. കൈയിൽനിന്ന് പണം മുടക്കി ഇവർ ഇടയ്ക്കിടെ ഇവിടം വൃത്തിയാക്കാറുണ്ട്.

നടക്കാനെത്തുന്നവർ ഭീതി​യി​ൽ

1പരി​പാലനമി​ല്ലാതെ വാക്‌വേ

2 വാക്‌വേയുടെ നീളം 3കി.മീറ്റർ

3 മാലി​ന്യനി​ക്ഷേപകേന്ദ്രമായി​

4 തെരുവുനായകളുടേയും ഇഴജന്തുക്കളുടേയും ശല്യം

5 ടോയ്‌ലെറ്റുകൾ നോക്കുകുത്തി

5 കൊച്ചിൻ പോർട്ടിന് നല്ലൊരു തുക ഹോട്ടൽ, ഹാൾ എന്നിവയിൽനിന്ന് വാടക ലഭിച്ചിട്ടും വാക്‌വേ വൃത്തി​യാക്കാനും സംരക്ഷിക്കാനും ജാഗ്രത കാണിക്കുന്നില്ല.

6 വാക്‌വേയുടെ മദ്ധ്യഭാഗത്ത് കുടിവെള്ളപൈപ്പ് പൊട്ടി ലിറ്റർകണക്കിന് കുടിവെള്ളമാണ് ദിവസവും നഷ്ടമാകുന്നത്.

വാക്‌വേസംരക്ഷിക്കാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം

എം.എൽ ജോസഫ് , വാക്‌വേ അസാസിയേഷൻ ഭാരവാഹി

പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി വാക്‌വേ നവീകരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കും.

പ്രൊഫ. കെ.വി.തോമസ്, മുൻ കേന്ദ്രമന്ത്രി