u
ചോറ്റാനിക്കര വട്ടക്കുന്ന് മുളന്തുരുത്തി പൊതുമരാമത്ത് റോഡ് തകർന്ന നിലയിൽ

ചോറ്റാനിക്കര: മണ്ഡലകാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ചോറ്റാനിക്കര ദേവീക്ഷേത്ര ദർശനത്തിനെത്തുന്ന അയ്യപ്പന്മാർക്ക് തകർന്നു കിടക്കുന്ന ചോറ്റാനിക്കര - വട്ടക്കുന്ന് - മുളന്തുരുത്തി പാതയി​ലൂടെവേണം പമ്പയിലെത്താൻ. ജലജീവൻ മിഷന്റെ പദ്ധതിയുടെ ഭാഗമായി പൊളിച്ചറോഡ് മാസങ്ങളോളം തകർന്നുകിടന്നതിനാൽ അപകടപരമ്പര തന്നെയായിരുന്നു. കേരളകൗമുദി റിപ്പോർട്ടിനെത്തുടർന്ന് കരാറുകാരൻ പൈപ്പിട്ടഭാഗം ടാർചെയ്തിരുന്നു.

റോഡ് ടാറിംഗിനായി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ക്ഷണിച്ചെങ്കിലും രണ്ടുപേർ മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. ഇതാകട്ടെ അനുവദിച്ച തുകയേക്കാൾ 25ശതമാനം കൂടുതലും. അതിനാൽ കരാർ ഉറപ്പിക്കാൻ അധികൃതർക്കായില്ല. കരാറുകാരുമായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും തുക കുറയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് റീ ടെൻഡർ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.

2018ലെ എസ്റ്റിമേറ്റ് പ്രകാരമാണ് ശബരിമല പാക്കേജിൽനിന്ന് റോഡിന് തുക വകയിരുത്തിയത്. ആ എസ്റ്റിമേറ്റ് പ്രകാരം ടാറിംഗ് നടത്താൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുമുണ്ട്.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന പ്രധാന റോഡാണ് തകർന്നു കിടക്കുന്നത്. നവംബർ 16ന് ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതോടെ ഇടതടവില്ലാതെ തീർത്ഥാടകരുടെ വാഹനം എത്തും. ഇതിനുമുമ്പ് ടാറിംഗ് നടന്നില്ലെങ്കിൽ അയ്യപ്പന്മാർ പാടുപെടും. റീടെൻഡറിലും തീരുമാനമായില്ലെങ്കിൽ എസ്റ്റിമേറ്റ് പുതുക്കി നൽകി സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ ആകൂ. ഇതിന് ഏറെ സമയം വേണ്ടിവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ വരുമെന്നതിനാൽ പെരുമാറ്റച്ചട്ടം പണിയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

തുക കുറഞ്ഞത് പ്രശ്നമായി

1 പൈപ്പിടലിന്റെ ഭാഗമായി തകർന്ന റോഡ് നന്നാക്കാൻ ശബരി പദ്ധതിയിൽപ്പെടുത്തി സർക്കാർ മൂന്നുകോടിരൂപ അനുവദിച്ചെങ്കിലും ആ തുകയ്ക്ക് കരാറെടുക്കാൻ ആളില്ല

2 അതിനാൽ തിരുവാങ്കുളം, ചോറ്റാനിക്കര, വട്ടുകുന്ന് റോഡ് മണ്ഡലകാലം എത്തിയാലും ടാറിംഗ് നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്

3 തകർന്നുകിടക്കുന്ന 5 കിലോമീറ്റർ ദൂരമുള്ള റോഡ് ടാർചെയ്യാൻ നിലവിൽ അനുവദിച്ച തുക തികയില്ലെന്നാണ് കരാറുകാരുടെ വാദം

4 സർക്കാരിൽനിന്ന് പണംലഭിക്കാൻ വൈകുന്നതും കരാറുകാരെ മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു

ചോറ്റാനിക്കര മുളന്തുരുത്തി പൊതുമരാമത്ത് റോഡ് ടാറിംഗിനായി അഞ്ചുകോടിരൂപ ആവശ്യപ്പെട്ടെങ്കിലും മൂന്നുകോടിരൂപ മാത്രമാണ് അനുവദിച്ചത്. സർക്കാർ കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ ടാറിംഗ് നടത്താൻ സാധിക്കുകയുള്ളൂ.

അനൂപ് ജേക്കബ്,

എം.എൽ.എ