
മൂവാറ്റുപുഴ: പാലക്കുഴ ഗ്രാമപഞ്ചായത്തിലെ ആറൂർ ഗവ. ഹൈസ്‌കൂളിന്റെ സ്ഥലം വിട്ടുകിട്ടണമെന്ന സ്വകാര്യ വ്യക്തിയുടെ ആവശ്യം കോടതി തള്ളി. നീണ്ട ഇരുപത്തിയഞ്ച് വർഷമായുള്ള നിയമയുദ്ധത്തിലാണ് സ്‌കൂളിന് അനുകൂലമായ വിധി ഉണ്ടായത്.
പാലക്കുഴ വട്ടക്കാവിൽ ബാബു കുര്യാക്കോസ്, സ്‌കൂളിന്റെ കൈവശമുള്ള 69.500 സെന്റ് സ്ഥലം തന്റേതാണെന്നും അത് വിട്ടുകിട്ടണമെന്നും സ്‌കൂൾ അധികൃതർ ഈ സ്ഥലത്ത് അതിക്രമിച്ച് കൈയേറിയെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും ആവശ്യപ്പെട്ട് 2000ൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത അന്യായം തള്ളിയാണ് മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവായത്.
തുടർന്ന് വാദി മൂവാറ്റുപുഴ സബ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഈ കേസ് പിന്നീട് പെരുമ്പാവൂർ സബ് കോടതിയിലേക്ക് മാറ്റി. പെരുമ്പാവൂർ കോടതി കേസ് തള്ളി ഉത്തരവായി. വീണ്ടും വാദി മൂവാറ്റുപുഴ സബ് കോടതിയിൽ പുതിയ അന്യായം ഫയൽ ചെയ്തത് കോടതി തെളിവെടുപ്പ് നടത്തി തള്ളി ഉത്തരവായി. ഈ ഉത്തരവിനെതിരേ വാദി മൂവാറ്റുപുഴ അഡീഷണൽ ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത് വിശദമായി വാദം കേട്ട് മൂവാറ്റുപുഴ അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. ഹരികുമാർ തള്ളി ഉത്തരവായി. കേസിൽ സർക്കാരിനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ കെ.എസ്. ജ്യോതികുമാർ, സ്‌കൂൾ പി.ടി.എ.ക്കുവേണ്ടി അഡ്വ. എ.കെ. ജയപ്രകാശ് എന്നിവർ ഹാജരായി.