
പറവൂർ: പൊതുവിജ്ഞാനവും സമകാലിക അറിവുകളും കുട്ടികളിലേക്ക് എത്തിക്കുന്നതിന് നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഡെയ്സി ഡോസ് പദ്ധതി തുടങ്ങി. തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ ഒരു പൊതു വിജ്ഞാന ചോദ്യവും ഉത്തരവും അടങ്ങിയ പോസ്റ്ററുകൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അയക്കും. മാസവസാനം ഒരു മത്സര പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് ലിങ്ക് നൽകി അവരുടെ അറിവ് പരിശോധിക്കും. രണ്ട് വർഷത്തിൽ 500 ലധികം പൊതുവിജ്ഞാനവും സമകാലിക സംഭവങ്ങളും അടങ്ങിയ ഡെയ്‌ലി ഡോസുകളാണ് നൽകുന്നത്. സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ വിദ്യാർത്ഥികളിൽ അറിവ് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര പറഞ്ഞു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അസി. മാനേജർ പി.എസ്. ജയരാജ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് എന്നിവർ പങ്കെടുത്തു.