ground

ആലുവ: ഒന്നര കോടിയിലേറെ രൂപ മുടക്കി നഗരസഭ ഗ്രൗണ്ട് ടർഫ് ആക്കുന്നതിനെതിരായ കായിക പ്രേമികളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പ് വകവയ്ക്കാതെ നിർമ്മാണവുമായി ഭരണപക്ഷം. നേരത്തെ കായിക പ്രേമികളെ പിന്തുണച്ചിരുന്ന ഭരണപക്ഷത്തെ ചിലർ മുനിസിപ്പൽ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതോടെ സീറ്റ് ഉറപ്പിക്കാൻ നിലപാടിൽ നിന്ന് പിൻമാറിയത് ടർഫ് അനുകൂലികൾക്ക് ആശ്വാസമായി.

ജനവികാരം മാനിക്കാതെയാണ് നഗരസഭ മുന്നോട്ടുപോകുന്നതെന്ന് കായിക പ്രേമികൾ ആരോപിച്ചു. ജില്ലാ - ഉപജില്ലാ കായിക മത്സരങ്ങൾ പതിവായി നഗരസഭ ഗ്രൗണ്ടിലാണ് നടക്കുന്നത്. നഗരത്തിലെയും സമീപ പ്രദേശത്തെയും വിദ്യാലയങ്ങളുടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നതും ഇവിടെയാണ്. നിത്യേന നൂറുകണക്കിന് പ്രദേശവാസികൾ വ്യായാമങ്ങൾക്കായും ഗ്രൗണ്ട് ഉപയോഗിക്കുന്നുണ്ട്.

അരക്കോടി രൂപ ചെലവഴിച്ച് ആദ്യഘട്ട നവീകരണം പൂർത്തിയാക്കിയപ്പോൾ ഗ്രൗണ്ട് ടർഫാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് വൈകിപ്പിക്കുകയായിരുന്നു.

ഫുട്ബാളിന് മാത്രമായി പരമിതിപ്പെടും

നഗരത്തിലെ ഏക ഗ്രൗണ്ടാണിത്. ടർഫാക്കിയാൽ ഫുട്ബാൾ കളിക്ക് മാത്രമായി പരിമിതപ്പെടും. മറ്റ് കായിക ഇനങ്ങൾ പടിക്ക് പുറത്താകും. പ്രഭാത - സായാഹ്ന സവാരികളും വിലക്കും. നവീകരണത്തിനും മെയിന്റിനൻസിനും എന്ന പേരിൽ ഫീസും ചുമത്തിയേക്കും. ഇതെല്ലാമാണ് പ്രതിഷേധക്കാരുടെ ആശങ്ക.

പ്രതിഷേധം ശക്തമാക്കി കായിക പ്രേമികൾ


ടർഫ് നിർമ്മാണോദ്ഘാടന വേദിയിലേക്ക് കായികപ്രേമികൾ മാർച്ച് നടത്തി. സി.പി.എം, സി.പി.ഐ, ബി.ജെ.പി നേതാക്കളും സമരത്തിന്റെ ഭാഗമായി. സി.പി.എം ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, സി.പി.ഐ നേതാവ് ജോബി മാത്യു, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് കെ. ശ്രീകാന്ത്, കെ.കെ. വിനോദ്, കുഞ്ഞുമോൻ പുളിയപ്പിള്ളി, എ.എ. കമറുദ്ദീൻ, കെ.ആർ. ഷൈൻ, മുഹമ്മദ് ഹിജാസ്, ആഷിക് ജോണി എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിനിടെ കുപ്പിയേറിൽ കോൺഗ്രസ് എടത്തല മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി രാജു ഭാസ്കറിന് പരിക്കേറ്റതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. വികസനം തടയാൻ ഗുണ്ടായിസമാണ് പ്രതിപക്ഷം നടത്തുന്നതെന്നും ആരോപിച്ചു.