
അങ്കമാലി: നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നഗരസഭ പൊതുശ്മശാന നിർമ്മാണത്തിന് തുടക്കം കുറിച്ചു. പ്രതിഷേധത്തെ മറികടന്നായിരുന്നു അങ്കമാലി മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നഗരസഭയുടെ സ്ഥലത്താണ് ശ്മശാനത്തിനായി തറക്കല്ലിട്ടത്. റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും മർച്ചന്റ്‌സ് യൂണിയനും പ്രതിഷേധവുമായി സ്ഥലത്ത് എത്തിയിരുന്നു.
ഇന്നലെ രാവിലെ 9 മണിയോടെത്തന്നെ ചെയർമാൻ ഷിയോ പോളും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും തറക്കല്ലിടാൻ തയ്യാറായി എത്തി. എന്നാൽ പ്രതിഷേധക്കാർ രാവിലെ തന്നെ സ്റ്റാൻഡിൽ നിലയുറപ്പിച്ചിരുന്നു.
ആലുവ തഹസിൽദാർ ഡിക്‌സി ഫ്രാൻസിസും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗം വിദഗ്ദ്ധരുമായി രംഗത്തുവരുകയും ഏറെ നേരം ചർച്ച നടത്തിയെങ്കിലും തറക്കല്ലിടാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാട് സ്വീകരിച്ചു. തഹസിൽദാർ കളക്ടറെ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് ഡെപ്യൂട്ടി കളക്ടർ വിനോദ് രാജും സ്ഥലത്തെത്തി. തുടർന്ന് പൊതുശ്മശാന നിർമ്മാണത്തിന് സ്‌റ്റേ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ തറക്കല്ലിടാൻ നഗരസഭയ്ക്ക് ഡെപ്യൂട്ടി കളക്ടർ അനുവാദം നൽകുകയായിരുന്നു. പൊലീസിന്റെ സംരക്ഷണയോടെ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ പൊതുശ്മശാനത്തിന് തറക്കല്ലിട്ടു.
എതിർപ്പുകളെ തുടർന്ന് നീണ്ട പദ്ധതി
നാളിതുവരെ മാറിമാറിവന്ന ഭരണസമിതികൾ പൊതുശ്മശാനത്തിനായി തീരുമാനങ്ങൾ എടുക്കുകയും എതിർപ്പുകൾ വരുന്നതോടെ പിന്മാറുകയായിരുന്നു പതിവ്. എന്നാൽ നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോളിന്റെ കർക്കശമായ നിലപാട് ഒന്നുകൊണ്ടുമാത്രമാണ് പൊതുശ്മശാനത്തിന് തറക്കല്ലിടാനായത്. വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയും പൊതുശ്മശാനമെന്ന ജനകീയ ആവശ്യത്തിന് മുന്നിൽ എതിർപ്പുകൾ വകവെക്കാതെ ജനങ്ങൾക്കൊപ്പം നിന്ന് തറക്കല്ല് പാകി ഉറച്ചുനിന്ന ഷിയോ പോളിനെ വിവിധ രാഷ്ട്രീയ, സമുദായ സംഘടനകൾ പ്രശംസിച്ചു.
പ്രതിഷേധ ശക്തം
പൊതുശ്മശാനം നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ നിറുത്തിവെക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മാനിക്കാതെ നഗരസഭ നടത്തിയ പൊതുശ്മശാന നിർമ്മാണോദ്ഘാടന ചടങ്ങിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ റെയിൽവേ നഗർ റെസിഡന്റ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, മർച്ചന്റ്‌സ് യൂണിയൻ അംഗങ്ങൾ പ്രതിഷേധിച്ചു. റസിഡന്റ് അസോസിയേഷൻ ഭാരവാഹികളായ റിന്റോ ഡേവിസ്, ജിമ്മി ജോൺ, ഫ്‌ളെവിൻ ജോൺസൺ, ജിൻസി ജിമ്മി, സിനി ജോൺസൺ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ എ.പി. ജിബി, ബി. ഒ. ഡേവിസ്, നവീൻ ജോൺ, മർച്ചന്റ്‌സ് യൂണിയൻ ഭാരവാഹികളായ ആന്റു മാത്യു, സി.വി. മാർട്ടിൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.