
പെരുമ്പാവൂർ: തിരക്കേറിയ ഒക്കൽ ഫാം ഫെസ്റ്റിന് സമാപനം. നമ്മുടെ കാർഷിക പൈതൃകത്തെയും കാർഷിക സംസ്‌കൃതിയെയും പുതുതലമുറയ്ക്ക് നേരിട്ട് കാണാനും അനുഭവിക്കാനും അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസനകർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ഫാം ഫെസ്റ്റ് നടന്നത്.
പഴയ കാലത്ത് ഉഴാൻ ഉപയോഗിച്ചിരുന്ന ട്രാക്ടർ, വെള്ളം തേവുന്ന കലം എന്നിവ നേരിട്ട് കണ്ടപ്പോൾ പലർക്കും അത് ഉപയോഗിക്കുവാനുള്ള താത്പര്യം കാണിച്ചതോടെ ഏവർക്കും കാണാനും ഉപയോഗിക്കുവാനും ഉള്ള സൗകര്യവും ചെയ്തുകൊടുത്തിരുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ ഫെസ്റ്റ് കാണുവാനായി കൊണ്ടുവന്നിരുന്നു.
കാർഷിക പ്രദർശന വിപണന മേള, സെമിനാറുകൾ, ഡോക്യുമെന്ററി വീഡിയോ പ്രദർശനം, മഡ് ഫുട്ബാൾ, വനിതകളുടെ പായസ പാചക മത്സരം, ചൂണ്ടയിടൽ മത്സരം, ട്രഷർ ഹണ്ട്, റെയിൻബോ ഡാൻസ് തുടങ്ങിയവ ഫാം ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും, കുട്ടികൾക്ക് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനും പാടവരമ്പിലൂടെ നടക്കാനും, സൈക്കിൾ ചവിട്ടുന്നതിനും പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.