കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഈറ്ററി ഹബ്ബിന് ഹൈബി ഈഡൻ എം.പി ശിലയിട്ടു. കൊച്ചി ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നനുവദിച്ച 98 ലക്ഷം രൂപയും കൊച്ചിൻ ഷിപ്പിയാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നനുവദിച്ച 26 ലക്ഷം രൂപയും മുതൽമുടക്കി ആദ്യഘട്ടവും എം.പി ഫണ്ടിൽനിന്ന് 60ലക്ഷംരൂപ മുതൽമുടക്കി രണ്ടാംഘട്ടവും പൂർത്തീകരിക്കുമെന്ന് ഹൈബി പറഞ്ഞു.
10,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ 75പേർക്ക് ഒരേസമയം ഭക്ഷണംകഴിക്കാൻ സൗകര്യമുള്ള വിശാലമായ ഫുഡ് കോർട്ട്, ജീവനക്കാർക്കുള്ള പ്രത്യേകഏരിയ, അടുക്കള, കോൾഡ് സ്റ്റോറേജ് ഏരിയ, ക്യാഷ് കൗണ്ടർ, ശൗചാലയസംവിധാനങ്ങൾ എന്നിവയുണ്ടാകും.
ആശുപത്രിയിൽ കഴിഞ്ഞ 15 വർഷമായി ഡയറ്ററി കിച്ചണ് നേതൃത്വം നൽകുന്ന പീറ്റർ ജോസഫിനെ ഹൈബി ഈഡൻ ആദരിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽനിന്ന് 60 ലക്ഷംരൂപ മുടക്കി ആരംഭിച്ച എക്‌മോ പ്രോഗ്രാമിന്റെ ഉദ്ഘാടനവും ഹൈബി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി.
സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയായി. കൗൺസിലർ പദ്മജ എസ്. മേനോൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ, ബി.പി.സി.എൽ കൊച്ചി പി.ആർ ആൻഡ് സി.എസ്.ആർ ചീഫ് മാനേജർ വിനീത് വർഗീസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എസ്.ആർ മാനേജർ ശശീന്ദ്രദാസ്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ബി. സൻസി, അഡീഷണൽ ലേ സെക്രട്ടറി നവാസ്, ചീഫ് നഴ്‌സിംഗ് ഓഫീസർ രേണുക, ആർ.എം.ഒ ഡോ.കെ. അമീറ തുടങ്ങിയവർ പങ്കെടുത്തു.