krishi

ആലുവ: പഠനത്തോടൊപ്പം നെൽ കൃഷിയുടെ ബാലപാഠങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളും. ചാലക്കൽ തുമ്പിച്ചാൽ പാടത്ത് കൃഷിയിറക്കുന്ന പൊൻകതിർ കർഷകസംഘം കർഷകരോടൊപ്പം അമൽ പബ്ളിക്ക് സ്കൂളിലെ വിദ്യാർത്ഥികളാണ് ഞാറുനടാനെത്തിയത്.

തുടർച്ചയായി മൂന്നാം വർഷവും തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരസമിതിയുടെ കീഴിൽ തുമ്പിച്ചാൽ പൊൻകതിർ കർഷക സംഘത്തിലെ കുശൻ, ഹരിദാസ് ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ നെൽകൃഷിയിറക്കുന്നത്. ഇക്കുറി പാടത്തിറങ്ങി സ്കൂൾ വിദ്യാർത്ഥികൾ ഞാറുനട്ട് ഉദ്ഘാടകരായി. വിദ്യാർത്ഥികൾ ആവേശത്തോടെയുമാണ് ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായത്.

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിൽ മണ്ണിനോടും കൃഷിയോടും ആഭിമുഖ്യം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂളിനടുത്തുള്ള പാടത്ത് ഞാറ് നടുന്നതിനായി സ്കൂൾ അധികൃതർ കുട്ടികളെ ഇറക്കിയത്.
വാർഡ് മെമ്പർ രജീഷ്, തുമ്പിച്ചാൽ വട്ടച്ചാൽ പാട ശേഖരസമിതി പ്രസിഡന്റ് അബൂബക്കർ കരോട്ടപ്പുറം, ശ്രുതി ശ്രീജേഷ്, സി.ഡി.എസ് ചെയർപേഴ്സൺ റസിയ അബ്ദുൽ ഖാദർ, അമൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ശാലിനി പള്ളിക്കൽ, വൈസ് പ്രിൻസിപ്പൽ ഫെബിന സുൽഫിക്കർ എന്നിവരും പങ്കെടുത്തു.