കൊച്ചി: മൂന്നുകൊല്ലംമുമ്പ് കൊച്ചിയിൽനിന്ന് കാണാതായ കണ്ണൂർ സ്വദേശിയായ യുവാവിനെ പൊലീസ് കോയമ്പത്തൂരിൽനിന്ന് കണ്ടെത്തി. കണ്ണൂർ നരിക്കോട് സ്വദേശി മുഹ്സീനിനെയാണ് (25) കോയമ്പത്തൂരിലെ ഹോട്ടലിൽനിന്ന് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറിയത്.
ഇടപ്പള്ളി കൂനംതൈയിലെ ബേക്കറിയിൽ ജോലിചെയ്യുമ്പോൾ 2022 സെപ്തംബർ 13നാണ് കാണാതായത്. അന്ന് 22 വയസായിരുന്നു. മാതാവ് നജുമുന്നീസ നൽകിയ പരാതിയിൽ കേസെടുത്ത പാലാരിവട്ടം പൊലീസിന് അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. കാണാതാകുമ്പോൾ ഉപയോഗിച്ച മൊബൈൽഫോൺ പ്രവർത്തനരഹിതമായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമായി ഈ കാലയളവിൽ സമ്പർക്കം പുലർത്തിയില്ല. മുഹ്സീന് ജീവാപായം സംഭവിച്ചിട്ടുണ്ടാകാമെന്നുപോലും ബന്ധുക്കൾ സംശയിച്ചു.
മൂന്നുകൊല്ലമായിട്ടും വിവരമൊന്നും കിട്ടാത്ത സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുള്ള അന്വേഷണത്തിൽ യുവാവ് അടുത്തിടെ ഫോണിൽ ചിലരെ ബന്ധപ്പെട്ടതായി വിവരം ലഭിച്ചു. തുടർന്നുള്ള തെരച്ചിലിലാണ് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽനിന്ന് കഴിഞ്ഞദിവസം മുഹ്സീനിനെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയിൽനിന്ന് കടന്ന യുവാവ് 3 കൊല്ലമായി കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ജോലിചെയ്യുകയായിരുന്നു. ഇടപ്പള്ളിയിലെ ജോലി സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്നാണ് കൊച്ചിയിൽനിന്ന് പോയതെന്നാണ് മുഹ്സീൻ നൽകിയ മൊഴി. മകനെ കണ്ടെത്തിയതറിഞ്ഞ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ മാതാവ് നജുമുന്നീസയ്ക്കൊപ്പം മുഹ്സീനെ വിട്ടയച്ചു. മകന് താത്‌പര്യമുണ്ടെങ്കിൽ കോയമ്പത്തൂരിലെ ജോലി തുടരാമെന്ന് മാതാവ് പറഞ്ഞു.
എസ്.ഐ ഹരിശങ്കർ, എ,എസ്.ഐ ടി.ആർ. രാഗേഷ്, സീനിയർ സി.പി.ഒമാരായ കെ.പി. ജോസി, അഖിൽ പത്മൻ, പി. പ്രശാന്ത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.