ആലുവ: മെട്രോപില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ച നാലുവട്ടം അഗ്നിരക്ഷാസേനയെ കബളിപ്പിച്ചശേഷം താഴേക്ക് ചാടി രക്ഷപ്പെട്ടു. പിന്നീട് അനിമൽ റെസ്ക്യൂ ടീം പിന്തുടർന്ന് പിടികൂടിയ പൂച്ചയെ ചികിത്സയ്ക്കായി കൊണ്ടുപോയി.
ആലുവ മാർക്കറ്റിന് സമീപം 29-ാം നമ്പർ പില്ലറിലാണ് നാല് ദിവസത്തിലേറെ പൂച്ച കുടുങ്ങിയത്. പൂച്ചയെ കണ്ടെത്തിയ കച്ചവടക്കാർക്ക് പില്ലറിന് മുകളിൽ ഭക്ഷണമെത്തിക്കാൻ കഴിയാത്തതിനാൽ അനിമൽറെസ്ക്യൂ ടീമിനെ അറിയിച്ചു. അനിമൽ റെസ്ക്യൂ ടീം അംഗമായ എറണാകുളം സ്വദേശി അഭിലാഷ് ജില്ലാ അഗ്നിരക്ഷാസേനയെ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ പൂച്ചയെ പിടികൂടാൻ ആലുവ അഗ്നിരക്ഷാസേന വലയുമായെത്തിയെങ്കിലും നടന്നില്ല. ഇന്നലെ രാവിലെ 11നും ഉച്ചയ്ക്ക് ഒന്നിനും വീണ്ടുമെത്തിയിട്ടും ഫലമുണ്ടായില്ല. വൈകിട്ട് നാലോടെ ജില്ലാഭരണകൂടം ഏർപ്പെടുത്തിയ ക്രെയിനുമായി വീണ്ടുമെത്തി.
ക്രെയിനിൽ കോണികൂടി വച്ചശേഷം അഗ്നിരക്ഷാസേനാംഗങ്ങളായ നന്ദീഷും അബ്ദുൾമജീദും മുകളിലെത്തിയതിന് പിന്നാലെ പൂച്ച 40 അടിയോളം താഴേക്ക് ചാടി സമീപത്തെ ഗോഡൗണിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ പാഞ്ഞാണ് അനിമൽ റെസ്ക്യൂ ടീം പൂച്ചയെ പിടികൂടിയത്. പൂച്ചയുടെ കാലിന് നേരിയ പരിക്കുണ്ട്. ഇത്ര ഉയരത്തിൽ പൂച്ച എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.