
കൊച്ചി: ആലപ്പുഴ എം.പി കെ.സി. വേണുഗോപാൽ നൽകിയ മാനനഷ്ടക്കേസിൽ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നത് രണ്ടു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശോഭ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി. മാനനഷ്ടക്കേസ് വിചാരണക്കോടതി പരിഗണിക്കുന്നതിനിടെ ഭാരതീയ നാഗരിക സുരക്ഷാ സംഹിത നിലവിൽ വന്നതിനാൽ സി.ആർ.പി.സി വകുപ്പുകൾ പ്രകാരമുള്ള തുടർനടപടി നിയമപരമല്ലെന്നാണ് ഹർജിക്കാരിയുടെ വാദം. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന് വിലയിരുത്തിയാണ് ശോഭ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നത് താത്കാലികമായി ഒഴിവാക്കിയത്. കരിമണൽ കച്ചവടത്തിന് കൂട്ടുനിന്ന് വേണുഗോപാൽ കോടികളുണ്ടാക്കിയെന്ന് അഭിമുഖത്തിൽ ശോഭ ആരോപിച്ചതാണ് കേസിന് ഇടയാക്കിയത്.