
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ തലക്കോടിന് സമീപം വെള്ളാപ്പാറയിൽ കുടിവെള്ള കിണറിൽ വീണ കാട്ടുപന്നിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി വനംവകുപ്പിന് കൈമാറി. പീച്ചാട്ട് മാത്യുവിന്റെ കിണറിലാണ് കഴിഞ്ഞരാത്രി കാട്ടുപന്നി വീണത്. ഇന്നലെ രാവിലെയാണ് ഇരുപത് അടിയോളം താഴ്ചയുള്ള കിണറിൽ നിന്ന് പന്നിയെ ഫയർഫോഴ്‌സെത്തി കരയ്ക്ക് കയറ്റിയത്. സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർ സിദ്ദിഖ് ഇസ്മായിൽ, ഒ.എ.ആബിദ്, പി.കെ.ശ്രീജിത്ത്, വിഷ്ണു മോഹൻ, എം.എ.അംജിത്, എം.സേതു, എന്നിവരാണ് ഫയർഫോഴ്‌സ് സംഘത്തിൽ ഉണ്ടായിരുന്നത്. വനംവകുപ്പ് ഏറ്റുവാങ്ങിയ പന്നിയെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ നിയമം അനുവദിക്കുമ്പോൾ രക്ഷപ്പെടുത്തി വനത്തിലേക്ക വിട്ടതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. കാട്ടുപന്നി വീണ്ടും നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു.