* ഹാർബറിന്റെ പ്രവർത്തനം ഇന്നലെ സ്തംഭിച്ചു
മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിലെ മീൻനിറച്ച ബോക്സ് വാഹനത്തിൽ കയറ്റുന്ന തൊഴിലാളിവിഭാഗവും മത്സ്യവ്യാപാരികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇന്നലെ ഹാർബറിന്റെ പ്രവർത്തനം സ്തംഭിച്ചു. തർക്കത്തെ തുടർന്ന് മത്സ്യ വ്യാപാരികൾ കച്ചവടം വേണ്ടെന്നുവച്ചതാണ് സ്തംഭനത്തിന് കാരണമായത്.
തൊഴിലാളികൾ മുൻ കരാർ പ്രകാരം തൊഴിലെടുക്കുന്നില്ലെന്നാണ് കച്ചവടക്കാർ ആരോപിക്കുന്നത്. ഇതിനിടയിൽ കൂലി വർദ്ധനവും ആവശ്യപ്പെട്ടതായിപറയുന്നു. എന്നാൽ ഹാർബറിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ മറ്റ് വിഭാഗം തൊഴിലാളികളെ വിട്ടുനൽകാമെന്ന് പറഞ്ഞിട്ടും കച്ചവടക്കാർ സമ്മതിക്കാതെ കച്ചവടം നിറുത്തി വയ്ക്കുകയായിരുന്നുവെന്ന് യൂണിയൻ നേതൃത്വം വ്യക്തമാക്കി.
ഫിഷ് മർച്ചന്റ്സ് അസോസിയേഷനും യൂണിയൻ പ്രതിനിധികളും തമ്മിൽ പിന്നീട് നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീരുകയായിരുന്നു. ഇന്നുമുതൽ ഹാർബറില്‍ കച്ചവടം നടക്കുമെന്ന് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.