പള്ളിക്കര: മോറക്കാലയിലെ ക്രിസ്റ്റൽ അഗ്രിഗേറ്റ്സ് ക്രഷർ യൂണിറ്റിൽ നിന്ന് സ്പെയർ പാർട്സ് മോഷ്ടിച്ച അസാം സ്വദേശി മുക്ഷിതുൽ ഹക്ക് (25) പിടിയിൽ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്പെയർ പാർട്സുകൾ നഷ്ടമായത് മനസിലാക്കിയ മാനേജർ അലി റിസ്വാൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
പെരിങ്ങാലയിലെ ആക്രികടയിൽ ഇവ വിൽക്കാനായി ഇയാൾ എത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച ഫോട്ടോയാണ് അന്വേഷണത്തിന് വഴിത്തിരവായത്. സമീപ പ്രദേശങ്ങളിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. ഒടുവിൽ കരിമുഗളിന് സമീപം പള്ളിമുഗളിലുള്ള ഷെഡിൽ നിന്നുമാണ് പിടികൂടുന്നത്. മോഷ്ടിച്ച സ്പെയർ പാർട്സുകളും കണ്ടെത്തി. ഇയാളെ കുന്നത്തുനാട് പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം എരുമേലി ക്ഷേത്രത്തിൽ നിന്ന് അഞ്ച് നിലവിളക്ക്, രണ്ട് കിണ്ടി എന്നിവ മോഷ്ടിച്ചത് ഇയാളുടെ സഹോദരനാണെന്നും സംഘത്തിൽ എട്ടു പേരുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിന്റെ മറവിലാണ് മോഷണം. കൂടുതൽ പേർ സംഘത്തിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.