
കോതമംഗലം: ഭൂതത്താൻകെട്ടിൽ ഡാമിനും റിസർവോയറിനും സമീപത്തെ വിസ്തൃതമായ തടാകത്തിൽ ബോട്ട് സവാരിക്കുള്ള സാഹചര്യം സൃഷ്ടിച്ചിരുന്ന ചെക്ക് ഡാം നോക്കുകുത്തിയായി. ചെക്ക് ഡാമിനോട് ചേർന്നുള്ള കരിങ്കൽക്കെട്ട് തകർന്നതുമൂലം തടാകത്തിൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. തടാകം വറ്റുന്നതിനാൽ ബോട്ടുകളെല്ലാം കരയിലാണ്.
ഭൂതത്താൻക്കെട്ടിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ബോട്ട് യാത്ര. വനങ്ങളെയും മലനിരകളെയും വന്യമൃഗങ്ങളെയുമെല്ലാം ആസ്വദിച്ച് പെരിയാറിലൂടെയുള്ള യാത്ര അനുഭൂതിദായകമെന്നാണ് സന്ദർശകരുടെ അഭിപ്രായം. മഴക്കാലം തുടങ്ങുന്നതോടെ ഡാമിന്റെ ഷട്ടറുകൾ പൂർണ്ണമായി തുറക്കുന്നതാണ് വർഷങ്ങളായുള്ള പതിവ്. ഇതുമൂലം പെരിയാറിൽ ജലനിരപ്പ് താഴും. ബോട്ടിംഗും മുടങ്ങും. ഈ പോരായ്മ പരിഹരിച്ച് വർഷം മുഴുവൻ ബോട്ട് സവാരി ഒരുക്കുക എന്നത് ലക്ഷ്യമിട്ട് നിർമ്മിച്ച ചെക്ക് ഡാമാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ പ്രയോജനപ്രദമല്ലാതായത്.
ചെക്ക്ഡാമിന്റെ ഷട്ടർ അടച്ചാലും കരിങ്കൽക്കെട്ട് തകർന്നഭാഗം തുറന്നുകിടക്കുന്നതിനാൽ തടാകത്തിൽ വെളളം സംഭരിക്കാൻ കഴിയില്ല. ഒരു വർഷം മുമ്പാണ് കരിങ്കൽക്കെട്ട് തകർന്നത്. അറ്റകുറ്റപ്പണി നടത്താതെ അതേനിലയിൽ തന്നെകിടക്കുകയാണ് ഇപ്പോഴും. ലക്ഷകണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ചതാണെന്ന് അധികൃതർ മറന്നുപോയെന്ന് സാരം.
സഞ്ചാരികൾക്ക് കാണാൻ വറ്റിവരണ്ട തടാകം
പെരിയാർവാലി കനാലിലേക്കുള്ള വെള്ളം തിരിച്ചുവിടുന്നത് ഈ തടാകത്തിൽ നിന്നുമാണ്. ഭൂതത്താൻകെട്ടിലെ ചെക്ക് ഡാമും ചെങ്കരയിലെ കനാൽ റഗുലേറ്ററും അടച്ചിടുമ്പോഴാണ് തടാകം നിറയുന്നത്. കിലോമീറ്ററുകളോളം പരന്നുകിടക്കുന്നതാണ് തടാകം. ഒരു മണിക്കൂറോളം ബോട്ടിൽ ചുറ്റിക്കറങ്ങാനാകും. മറ്റ് പ്രദേശങ്ങളിൽ നിന്നുമെത്തുന്നവർ ഈ ബോട്ട് സവാരിയും ആസ്വദിച്ചിരുന്നു. ഇപ്പോൾ വറ്റിവരണ്ട തടാകമാണ് സഞ്ചാരികൾക്ക് കാണാൻ കഴിയുക.
ഓഫ് സീസണായിട്ടും അവധി ദിവസങ്ങളിൽ നിരവധി പേർ ഭൂതത്താൻകെട്ട് സന്ദർശിക്കാൻ എത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസ യാത്രാ ബസുകളും സഞ്ചാരികളുമായി ഇവിടെ പതിവായി എത്തും. ഇവർക്കെല്ലാം ബോട്ട് സവാരിക്കുള്ള അവസരം നഷ്ടപ്പെടുകയാണ്. ബോട്ട് സവാരിയുണ്ടെങ്കിൽ ഇപ്പോഴത്തേതിലും പതിന്മടങ്ങ് ആളുകൾ ഇവിടേക്ക് എത്തും.
ജനുവരി മാസത്തോടെ പ്രധാന ഡാമിന്റെ ഷട്ടറുകൾ അടച്ച് പെരിയാറിലെ ജലനിരപ്പ് ഉയർത്തിയാൽ, തകർന്ന കരിങ്കൽക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയില്ല. അതിന് മുമ്പ് അറ്റകുറ്റപണി നടത്തിയാൽ മാത്രമെ അടുത്ത മഴക്കാലത്തെങ്കിലും തടാകത്തിൽ വെള്ളം നിലനിറുത്താനും ബോട്ട് സവാരി നടത്താനും കഴിയുകയുള്ളു. അതിനുള്ള ഇടപെടൽ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.